ഭീകരവാദം കരുത്താർജിക്കുന്നു, അനങ്ങാതെ പോലീസ് സംവിധാനം: എൻ. ഹരി

n hari

സംസ്ഥാനത്ത് ഭീകരവാദം കരുത്താർജിക്കുന്നുവെന്ന് ബി ജെ പി നേതാവ് എൻ. ഹരി. ശബരിമലയും വാഗമണ്ണും ഉള്‍പ്പെടുന്ന തന്ത്രപ്രധാന പ്രദേശങ്ങളെ തീവ്രവാദ ശക്തികളുടെ താവളമാക്കാനുളള നീക്കത്തെ ഒരു കാരണവശാലും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ഇടപെടലില്‍ സംസ്ഥാന പോലീസ് സംവിധാനം നോക്കുകുത്തിയാകുന്ന സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സികളുടെ ഇടപെടല്‍ അനിവാര്യമായിരിക്കുകയാണ്. ഇക്കാര്യം ബന്ധപ്പെട്ട അന്വേഷണ ഏജന്‍സികളുടെ ശ്രദ്ധയില്‍ ഇതിനകം തന്നെ കൊണ്ടുവന്നതായും ഹരി അറിയിച്ചു.

ശബരിമലയും  വാഗമണും ഉള്‍പ്പെടുന്ന തന്ത്രപ്രധാന കേന്ദ്രങ്ങളുടെ സമീപ സ്ഥലങ്ങളില്‍ നിന്നുളള റിപ്പോര്‍ട്ടുകള്‍  രാജ്യസുരക്ഷയില്‍ കരുതലുള്ള ഓരോ പൗരനെയും ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മീനച്ചില്‍, കാഞ്ഞിരപ്പള്ളി, പീരുമേട്, റാന്നി താലൂക്കുകളിലെ പല ഗ്രാമങ്ങളും  ലഹരി മാഫിയ പിടിമുറുക്കിയിരിക്കുകയാണ്. ട്രക്കിംഗ് പോലുളള സാഹസിക ടൂറിസം മറയാക്കി അനധികൃത പരിശീലനവും നടക്കുന്നതായി വിശ്വസനീയമായ റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

കൂടാതെ  അനധികൃത സാമ്പത്തിക - ഹവാല ഇടപാടുകളും ഇവിടെ തഴയ്ക്കുന്നു. വാഗമണ്‍ ടൂറിസവും ശബരിമല തീര്‍ഥാടനവും മറയാക്കി ദേശ വിരുദ്ധശക്തികള്‍ ഇവിടെ വേരു പടര്‍ത്തുന്നു. തീവ്രവാദ പ്രസ്ഥാനങ്ങളുടെ വിളനിലമായി ഈ  പ്രദേശങ്ങള്‍ മാറിയിരിക്കുന്നു. എല്ലാമറിയുന്ന അധികൃതരാകട്ടെ കണ്ണടച്ചു പ്രോല്‍സാഹിപ്പിക്കുന്നു. 
വോട്ടു ബാങ്കു രാഷ്ട്രീയത്തില്‍ മാത്രം വിശ്വസിക്കുന്ന കേരളത്തിലെ ഇരു മുന്നണികളാകട്ടെ ഇക്കൂട്ടര്‍ക്കു കുടപിടിക്കുന്നു.

ക്രമസമാധാന പാലനം പല പ്രദേശങ്ങളിലുംഅങ്ങേയറ്റം താറുമാറായി. സംസ്ഥാന പോലീസിനെനോക്കു കുത്തിയാക്കിയിരിക്കുന്നു. പോലീസ് ഉദ്യോഗസ്ഥരോട് സംഘടിതമായി തട്ടിക്കയറുന്നതും നടപടികളെ ചെറുത്തു തോല്‍പ്പിക്കുന്നതിനും ഈ താലൂക്കുകളില്‍  ഒരു വിഭാഗം തയ്യാറാകുന്നു. ഭൂമിശാസ്ത്രപരമായ പ്രത്യേകതയും വിഘടന പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കുന്നുവെന്നും എൻ. ഹരി ആരോപിച്ചു.
 

Tags