ബി ജെ പി ഫാസിസ്റ്റാണെന്ന കാര്യത്തില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിക്ക് സംശയമില്ല :ബിനോയ് വിശ്വം

Communist Party has no doubt that BJP is fascist: Binoy Vishwam
Communist Party has no doubt that BJP is fascist: Binoy Vishwam

കണ്ണൂര്‍: മൂസോളനിയെയും ഹിറ്റ്ലറെയും വഴികാട്ടികളായി കരുതുന്ന ബി ജെ പി ഫാസിസ്റ്റാണെന്ന കാര്യത്തില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിക്ക് സംശയമില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. സി പി ഐ കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം എം കെ ശശി നഗറില്‍(നവനീതം ഓഡിറ്റോറിയം) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഹിറ്റ്ലറുടെയും മുസോളനിയുടെയും ഫാസിസ്റ്റ് ആശയം അതേ പോലെ പകർത്തുന്നവരാണ് ആർ എസ് എസും അവർ തെളിക്കുന്ന വഴിയിലൂടെ സഞ്ചരിക്കുന്ന ബി ജെ പിയും . ആര്‍ക്കെങ്കിലും അവര്‍ അര്‍ദ്ധഫാസിസ്റ്റാണോ നിയോഫാസിസ്റ്റാണോയെന്ന് ആർക്കെങ്കിലും തോന്നുണ്ടെങ്കില്‍ അതൊന്നും കമ്മ്യുണിസ്റ്റ് പാര്‍ട്ടിക്ക് വിഷയമേയല്ല.

tRootC1469263">

ആര്‍ എസ് എസിന്റെ പുസ്തകമായ വിചാരധാരയില്‍ അക്കമിട്ട് പറയുന്നുണ്ട് അവരുടെ ഒന്നാം ശത്രു മുസ്ലീങ്ങളും, രണ്ടാം ശത്രു ക്രിസ്ത്യാനികളും മൂന്നാം ശത്രു കമ്മ്യുണിസ്റ്റുകാരുമാണെന്ന്. ഇന്ത്യയിൽ ജനിക്കുകയും ജീവിക്കുകയും മരിക്കേണ്ടവരുമായ ഇന്ത്യയുടെ മക്കളായവരെ ശത്രുക്കളായി കണക്കാക്കുന്നവരാണ് ആർ എസ് എസ്. അതു കൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മുഖ്യ കടമ ഫാസിസ്റ്റുകാരെ ചെറുക്കുക എന്നതാണ്. ആ ചെറുത്തുനില്‍പ്പില്‍ യോജിപ്പിക്കാവുന്നവരെയെല്ലാം യോജിപ്പിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന പാര്‍ട്ടിയാണ് സി പിഐ. ഫാസിസ്റ്റ് ശക്തികളെ ചെറുത്തു തോല്‍പ്പിക്കുകയെന്ന ലക്ഷ്യത്തോടെ രൂപം കൊണ്ടതാണ് ഇന്ത്യാസഖ്യം. പക്ഷെ ഇന്ത്യാ സഖ്യത്തിന്റെ പ്രവര്‍ത്തനത്തില്‍ വഹിക്കേണ്ട പങ്ക് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വഹിക്കാനായില്ല. അവര്‍ ചിന്തിച്ചത് പാര്‍ട്ടിക്കകത്തെ താത്പര്യങ്ങള്‍ മാത്രമാണ്. അല്ലാതെ ഇന്ത്യാസഖ്യത്തിന് പൂര്‍ത്തീകരിക്കേണ്ട വിശാലമായ ലക്ഷ്യങ്ങളെ പറ്റി കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ചിന്തിക്കാനായില്ല. അതുകൊണ്ട് ഇന്ത്യാസഖ്യത്തിന് വേണ്ടത്ര മുന്നോട്ട് പോകാനായില്ല. അതല്ലായിരുന്നെങ്കില്‍ ഇന്ന് ബിജെപിയെ തോല്‍പ്പിക്കാന്‍ സാധിക്കുമായിരുന്നു. പക്ഷെ അത് സാധിക്കാതിരുന്നത് കോണ്‍ഗ്രസ് കാണിച്ച രാഷ്ട്രീയമായ  ദൂരകാഴ്ച്ച ഇല്ലായ്മയുടെ ഫലമാണെന്നതാണ് വസ്തുത.


മോദി സര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദ്ധാനം ആത്മനിര്‍ഭര്‍ ഭാരത് എന്നതാണ്. പക്ഷെ സ്വയം പര്യാപ്തമായ ഇന്ത്യ എന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനത്തിന് യാതൊരു ആത്മാര്‍ത്ഥയുമില്ല. അത് വെറും വായ്ത്താര മാത്രമായിരുന്നു. അവര്‍ക്ക് രാജ്യത്തിന്റെ സാമ്പത്തിക ലക്ഷ്യങ്ങളെ പറ്റിയുള്ള കാഴ്ചപാടില്ല. സാമ്പത്തിക രംഗത്ത് എന്തു പറയുമ്പോഴും മോദിയുടെ ഇഷ്ടവാക്ക് എന്നത് ഫോറിന്‍ ഡയറക്ട് ഇന്‍വെസ്റ്റ് എന്നതാണ്.ആത്മനിര്‍ഭത് ഭാരത് പൂര്‍ത്തീകരിക്കാനുള്ള മാര്‍ഗമായാണ് വിദേശപ്രത്യക്ഷ നിക്ഷേപം എന്ന ആശയം മുന്നോട്ട് വെച്ചത്. പക്ഷെ കൊടുംവഞ്ചനയാണ് രാജ്യത്തോട് അവര്‍ ചെയ്തത്. വിദേശകൊള്ളക്കാര്‍ക്ക് നാടിന്റെ പൂട്ടും താക്കോലും ഏല്‍പ്പിക്കുകയാണ് മോദിസര്‍ക്കാര്‍. ജനങ്ങളെയും തൊഴിലാളികളെയും കൃഷിക്കാരെയുമെല്ലാം ഒന്നിച്ച് അണിനിരത്തി കൊണ്ടുള്ള മുന്നേറ്റം കൊണ്ട് മാത്രമെ ആത്മനിര്‍ഭര്‍ ഭാരത് ആക്കുവാന്‍ പറ്റുകയുള്ളു. മോദിസര്‍ക്കാരിന്റെ തെറ്റായ നീക്കങ്ങള്‍ മറച്ചുവെക്കാന്‍ ജനശ്രദ്ധ തിരിച്ചുവിടാന്‍ അവര്‍ മതങ്ങളെയും വിശ്വാസങ്ങളെയും ദൈവത്തെയും കരുവാക്കുന്നു. ജനങ്ങളെ ഭിന്നിപ്പിക്കുവാന്‍ എന്താണ് മാര്‍ഗ്ഗമെന്നതാണ് ബി ജെപി ഓരോ ദിവസവും ചിന്തിക്കുന്നത്. മതഭ്രാന്തിന്റെ വാഹകരാണ് ബി ജെ പി. മതം എന്നത് ഇന്ത്യയില്‍ യാഥാര്‍ത്ഥ്യമാണെങ്കിലും മതഭ്രാന്തിനെ അംഗീകരിക്കാനാവില്ല. മതഭ്രാന്തിനെ എതിര്‍ക്കുവാന്‍ നീതിബോധമുള്ളവരുടെയെല്ലാം സഹായം തേടും. നമ്മുടെ എതിരാളി മത്രഭാന്താണ്. മതഭ്രാന്ത് ഫാസ്റ്റിസ്റ്റ് രാഷ്ട്രീയവുമായി കൂടിചേരുമ്പോള്‍ നീതിയും വിശ്വാസവും ദൈവവുമെല്ലാം കുടിയിറങ്ങുന്നു.


വിമർശനവും ചർച്ചകളും കമ്മ്യുണിസ്റ്റ് പാർട്ടിയെ ദുർബലമാക്കില്ലെന്ന ബോധ്യം യഥാർത്ഥ കമ്യൂണിസ്റ്റുകാരനുണ്ട്. പക്ഷെ വിമർശനകൾ പാർട്ടിക്കകത്താകണം അല്ലാതെ സോഷ്യൽ മീഡിയയിലൂടെ അല്ല നടത്തേണ്ടത്. സോഷ്യല്‍ മീഡിയകള്‍ പാർട്ടിക്കകത്ത് കുത്തിത്തിരുപ്പ് ഉണ്ടാക്കാന്‍ ഉപയോഗിക്കരുത്.പകരം സത്യത്തിനു വേണ്ടിയും ജന നൻമക്കും വേണ്ടിയും ഉപയോഗിക്കണം.കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകര്‍ന്ന് ഒരാള്‍ മരണപ്പെട്ടത് സര്‍ക്കാരിനെ അടിക്കാനുള്ള വടിയായി പ്രതിപക്ഷം ഉപയോഗിക്കുകയാണ്. സര്‍ക്കാര്‍ കുടുംബത്തോടൊപ്പമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.  ബിനോയ് വിശ്വം പറഞ്ഞു.


 മുതിര്‍ന്ന നേതാവ് കെ വി ഗംഗാധരന്‍  പ്രതിനിധി സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തി.  സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാനും സംസ്ഥാന കൗണ്‍സിലംഗവുമായ സി പി ഷൈജന്‍ സ്വാഗതം പറഞ്ഞു. സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ അഡ്വ. പി സന്തോഷ് കുമാർ എം പി, കെ പി രാജേന്ദ്രൻ, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഇ ചന്ദ്രശേഖരൻ, ദേശീയ കൗൺസിൽ അംഗങ്ങളായ സത്യൻ മൊകേരി, അഡ്വ. പി വസന്തം, ദേശീയ കൗണ്‍സിലംഗവും ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രിയുമായ ജി ആര്‍ അനില്‍, സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങളായ ആർ രാജേന്ദ്രൻ, സി പി മുരളി, സംസ്ഥാന കൗൺസിൽ അംഗം സി എൻ ചന്ദ്രൻ, ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാർ എന്നിവര്‍ പങ്കെടുത്തു.

രക്തസാക്ഷി പ്രമേയം കേരള മഹിളാസംഘം ജില്ലാ സെക്രട്ടറി കെ എം സപ്നയും ജില്ലാ എക്സിക്യൂട്ടീവംഗം സി വിജയന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. മുതിര്‍ന്ന നേതാവ് കെ വി ഗംഗാധരന്‍ സംസാരിച്ചു.എ പ്രദീപന്‍, അഡ്വ. വി ഷാജി, മഹേഷ് കക്കത്ത്, അഡ്വ എം എസ് നിഷാദ്, കെ ആര്‍ ചന്ദ്രകാന്ത്, പി എ ഇസ്മയില്‍, കെ മഹിജ എന്നിവരടങ്ങിയ പ്രസീഡിയവും പാര്‍ട്ടി സംസ്ഥാന സെന്ററിലെയും കൗണ്‍സിലിലെയും ജില്ലാ എക്സിക്യുട്ടീവിലെയും അംഗങ്ങളുള്‍പ്പെടുന്ന സ്റ്റിയറിംഗ് കമ്മിറ്റിയും  വി കെ സുരേഷ് ബാബു കണ്‍വീനറായുള്ള ക്രെഡന്‍ഷ്യല്‍ കമ്മിറ്റിയും എം അനില്‍കുമാര്‍ കണ്‍വീനറായുള്ള മിനുട്സ് കമ്മിറ്റിയും സമ്മേളനനടപടികള്‍ നിയന്ത്രിച്ചു. ജുലൈ ഒമ്പതിന്റെ ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം പ്രമേയകമ്മിറ്റി കണ്‍വീനര്‍ അഡ്വ. പി അജയകുമാര്‍ അവതരിപ്പിച്ചു. സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ ടി ജോസ് ഭാവി പരിപാടി അവതരിപ്പിച്ചു.

Tags