പി. ജയരാജനെതിരെ മനു തോമസ് ഉയർത്തിയ ആരോപണങ്ങൾക്ക് പിന്നിൽ സി.പി.എം വിഭാഗീയതയോ? പാർട്ടിയിൽ നിന്നും ഒഴിവായ യുവ നേതാവിൻ്റെ കടന്നാക്രമണത്തിന് പിന്നിൽ ഉന്നതനേതാവെന്ന് ആരോപണം ശക്തമാവുന്നു

behind Manu Thomas allegations against Jayarajan
കെ. കെ. ശൈലജയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവതരിപ്പിച്ച് നേതൃത്വത്തെ ഞെട്ടിക്കുക കൂടി പി. ജയരാജന്‍ ചെയ്തു

കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ കാരണങ്ങള്‍ വിലയിരുത്തകയും തെറ്റുതിരുത്തലുകള്‍ വരുത്തിക്കൊണ്ടിരിക്കുന്നതിനിടെ ഉയര്‍ന്ന സ്വര്‍ണ്ണക്കടത്ത്- ക്വട്ടേഷന്‍ വിവാദങ്ങൾ സംസ്ഥാന കമ്മിറ്റിയംഗമായ പി.ജയരാജനെ കേന്ദ്രീകരിച്ചാണെന്ന് സൂചന. 

നേരത്തെ പി.ജയരാജൻ അനധികൃത ബിസിനസ് ഇടപാടുകളുടെ പേരിൽ സംസ്ഥാന സമിതിയോഗത്തിൽ വിമർശനമുന്നയിച്ച ഉന്നത നേതാവിൻ്റെ പിൻതുണയോടെയാണ് ഡി.വൈ.എഫ്.ഐ മുൻ ജില്ലാ പ്രസിഡൻ്റ് മനു തോമസ് പി.ജയരാജനെതിരെ വെളിപ്പെടുത്തലുകൾ നടത്തിയതെന്ന വിവരമാണ് പുറത്തുവരുന്നത്. ഇതോടെ കഴിഞ്ഞ കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗം പിൻതുണ നൽകിയിട്ടുണ്ടെങ്കിലും പാർട്ടിയിൽ ഒറ്റപ്പെട്ട അവസ്ഥയിലാണ് പി. ജയരാജൻ.

കഴിഞ്ഞ പാർലമെൻ്റ് തിരഞ്ഞെടുപ്പ് തോല്‍വിക്ക് മുഖ്യകാരണങ്ങള്‍ സി.പി.എം. സംസ്ഥാന സമിതിയിലും സെക്രട്ടറിയേറ്റിലും ജില്ലാകമ്മിറ്റികളിലും ചര്‍ച്ച ചെയ്തിരുന്നു. ഇവ താഴെത്തട്ടിലേക്ക് വിശദീകരിക്കാനിരിക്കെയാണ് പി.ജയരാജനെതിരേയുള്ള ആരോപണങ്ങള്‍ ഉയര്‍ന്നുവന്നത്. തോല്‍വി ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന സമിതിയിലും കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലും ഇ.പി.ജയരാജനെതിരേയും മുഖ്യമന്ത്രിയുടെ ശൈലിക്കെതിരേയും ഏറ്റവും കൂടുതല്‍ വിമര്‍ശനം ഉയര്‍ത്തിക്കൊണ്ടു വന്നത് പി.ജയരാജനാണ്. 

കെ. കെ. ശൈലജയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവതരിപ്പിച്ച് നേതൃത്വത്തെ ഞെട്ടിക്കുക കൂടി പി. ജയരാജന്‍ ചെയ്തു. ഇതു സംബന്ധിച്ച് ഉന്നത നേതാക്കള്‍ക്കിടയില്‍ പി. ജയരാജനോടുള്ള അസംതൃപ്തി നിലനില്‍ക്കുന്നുണ്ട്.

manu thomas p jayarajan

 
  
പാർട്ടിയിൽ നിന്നും ഒഴിവാക്കിയ യുവജന നേതാവ് കടന്നാക്രമിച്ചിട്ടും മുതിര്‍ന്ന നേതാക്കളിൽ നിന്നും പി. ജയരാജന് അനുകൂലമായ സമീപനം ഉണ്ടാകുന്നില്ലെന്നത് അണികൾക്കിടെയിൽ ചർച്ചയായിട്ടുണ്ട്.ക്വട്ടേഷന്‍ മാഫിയയെന്ന് ഒരു ഘട്ടത്തില്‍ പാര്‍ട്ടി തള്ളിപ്പറഞ്ഞ ആകാശ് തില്ലങ്കേരിയെപോലുള്ളവരുടെയും സോഷ്യൽ മീഡിയ ഇടപെടലുകൾ തെരഞ്ഞെടുപ്പ് പരാജയത്തിന്  കാരണമായെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. 

പാർട്ടി ശത്രുക്കളെന്ന് നേതൃത്വം മുദ്രകുത്തിയ സൈബര്‍ സംഘത്തിന്റെ പിന്തുണ മാത്രമേ ഇതിനകം സമുന്നതനായ നേതാവായിട്ടും പി. ജയരാജന് ലഭിച്ചിട്ടുള്ളൂ, സ്വര്‍ണക്കടത്ത് കേസിലെ പ്രതി അര്‍ജുന്‍ ആയങ്കി, ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി എന്നിവര്‍ പി.ജയരാജനായി ശക്തമായി സോഷ്യൽ മീഡിയയിൽ രംഗത്ത് എത്തിയത് പി.ജയരാജനെതിനെ പാർട്ടിക്കുള്ളിൽ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.

Jayarajan is creating an opportunity to carve out the party   Manu Thomas lashed out at P Jayarajan

പി.ജയരാജനെ കടുത്ത പ്രതിരോധത്തിലാക്കുന്ന ആരോപണങ്ങളാണ് തുടരെത്തുടരെ മനു തോമസ് ഉന്നയിച്ചത്. കണ്ണൂരില്‍ ഏറ്റവും ആരാധകരും സംഘശക്തിയുടെ പിന്തുണയുമുളള നേതാവിനെതിരേ മനു തോമസ് രംഗത്തിറങ്ങിതിന് പിന്നില്‍ ചില നേതാക്കളുടെ രഹസ്യ പിന്തുണ ഉണ്ടെന്ന സൂചനകളാണ് ലഭിക്കുന്നത്. തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ പോരാളി ഷാജി ഉള്‍പ്പെടെയുള്ള ഇടതുപക്ഷ അനുകൂല സമൂഹമാധ്യമ ഗ്രൂപ്പുകളെ തള്ളിപ്പറഞ്ഞ് രംഗത്ത് എത്തിയിരുന്നു.

പോരാളി ഷാജി, ചെങ്കോട്ട, ചെങ്കതിര്‍ തുടങ്ങിയ ഗ്രൂപ്പുകള്‍ക്കെതിരേയായിരുന്നു ആരോപണം. എന്നാല്‍, ഇത്തരം സൈബര്‍ ഗ്രൂപ്പുകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് പി.ജയരാജന്റെ മകന്‍ ജെയിന്‍രാജ് ആണെന്നാണ് മനു തോമസ് വെളിപ്പെടുത്തിയിരിക്കുന്നത്.

ഇതോടെ പാർട്ടി നേരത്തെതള്ളി പറഞ്ഞ സ്വർണക്കടത്ത് ,ക്വട്ടേഷൻ സംഘങ്ങളുമായുള്ള ബന്ധങ്ങളും പി.ജയരാജനെപ്രതിരോധത്തിലായിരിക്കുകയാണ്. വരുന്ന സംസ്ഥാനകമ്മിറ്റി യോഗത്തിൽ ഈ വിഷയം ചർച്ചയാകുന്നതോടെ പാർട്ടിയിൽ നിന്നും പുറത്തേക്കുള്ള വഴിയിലാണോ ഖാദി ബോർഡ് വൈസ് ചെയർമാൻ കുടിയായ പി.ജയരാജൻ്റെ പോക്കെന്ന ആശങ്കയും അദ്ദേഹത്തെ പിൻതുണയ്ക്കുന്നവരിൽ നിന്നും ഉയർന്നിട്ടുണ്ട്.