തൃശ്ശൂരിൽ തേനീച്ചയുടെ ആക്രമണം; ഒരാൾക്ക് പരിക്ക്
Jan 3, 2025, 12:28 IST
തൃശൂര്‍: പാടശേഖരത്ത് കൃഷിയിടത്തിലെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ പാലക്കാട് സ്വദേശി കുമരനെല്ലൂര്‍ കൊടകടവത്ത് വീട്ടില്‍ മണിയെ (71) യാണ് തേനീച്ചകള്‍ ആക്രമിച്ചത്. കൂട്ടത്തോടെ എത്തിയ തേനീച്ചകള്‍ മണിയുടെ ദേഹാസകലം കുത്തുകയായിരുന്നു. പാടശേഖരത്തുനിന്ന് ഓടിയ മണി റോഡില്‍ തളര്‍ന്ന് വീണു.
സംഭവംകണ്ട തൊഴിലുറുപ്പ് തൊഴിലാളികളായ കുമാരന്‍, ഷീജ മോഹനന്‍, കൊട്ടാരത്തില്‍ തങ്ക, വടക്കേപ്പുറം സുഭദ്ര, കപ്പളങ്ങാട് വേശു എന്നിവരുടെ ധീരമായ ഇടപെടല്‍ മൂലം വസ്ത്രം കൊണ്ട് മുഖം മൂടി ഓലക്കെട്ടുകളില്‍ തീ കത്തിച്ച് അഞ്ച് പേരും തേനീച്ചയെ അകറ്റിയാണ് മണിയെ രക്ഷിച്ചത്. ഉടമയെത്തിമണിയെ പെരുമ്പിലാവ് സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.