ബാലുശ്ശേരിയിൽ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ക്രൂരമായി മർദ്ദിച്ച സംഭവം ; നാലുപേര്‍ കസ്‌റ്റഡിയില്‍
arrest

കോഴിക്കോട് : ബാലുശ്ശേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ജിഷ്‌ണുവിനെ അതി ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ 4 പേര്‍ കസ്‌റ്റഡിയില്‍. പ്രതികളുടെ അറസ്‌റ്റ് ഇന്നുണ്ടാകുമെന്നാണ് വിവരം.

സംഭവത്തിൽ 29 പേര്‍ക്കെതിരെ ബാലുശ്ശേരി പോലീസ് കേസെടുത്തിരുന്നു. ലീഗ്- എസ്‌ഡിപിഐ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്നാണ് ജിഷ്‌ണുവിന്റെ മൊഴി.

ബാലുശേരി പാലോളി മുക്കില്‍ വ്യാഴാഴ്‌ചയാണ് യുവാവിന് മർദ്ദനമേറ്റത്. ഒരു പിറന്നാള്‍ ആഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജിഷ്‌ണുവിനെ ബൈക്ക് തടഞ്ഞുനിര്‍ത്തി ഒരുകൂട്ടം ആളുകള്‍ മര്‍ദ്ദിക്കുകയായിരുന്നു. ഒരുമണിക്ക് പിടികൂടിയ ജിഷ്‌ണുവിനെ മൂന്നരയോടെ ബാലുശേരി പോലീസിനെ വിളിച്ച് കൈമാറുകയായിരുന്നു.

അക്രമത്തിൽ സാരമായി പരിക്കേറ്റ യുവാവിനെ പോലീസ് ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്‌ധ ചികിൽസക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.

രണ്ടു മണിക്കൂര്‍ നേരമാണ് ആള്‍ക്കൂട്ടം ജിഷ്‌ണുവിനെ ക്രൂരമായി മര്‍ദ്ദിച്ചത്. എസ്‌ഡിപിയുടെ ഫ്ളക്‌സ് ബോര്‍ഡ് കീറിയതുള്‍പ്പടെ അടുത്തിടെ പ്രദേശത്തു നടന്ന സംഭവങ്ങള്‍ക്ക് പിന്നിലെല്ലാം താന്‍ ആണെന്ന് നിര്‍ബന്ധിച്ച് പറയിപ്പിക്കുകയും വീഡിയോ എടുക്കുകയും ചെയ്‌തതായി ജിഷ്‌ണു വെളിപ്പെടുത്തി. ബലം പ്രയോഗിച്ച് വടിവാള്‍ പിടിപ്പിച്ചെന്നും ജിഷ്‌ണു പറയുന്നു.

Share this story