ബൈക്കിലെത്തി വിസിറ്റിങ് കാര്‍ഡ് കാണിച്ച് വഴി ചോദിച്ചു, കഴുത്തിലെ അഞ്ച് പവന്റെ രണ്ട് മാലയും പൊട്ടിച്ചു,ഒടുവില്‍ യുവാക്കള്‍ അറസ്റ്റില്‍
arrestedഹരിപ്പാട്: ബൈക്കിലെത്തി വയോധികയുടെ മാല പറിച്ചു കടന്ന കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. തിരുവനന്തപുരം ചിറയന്‍കീഴ് കീഴാറ്റിങ്കല്‍ ചരുവിള വീട്ടില്‍ അക്ബര്‍ഷാ(45), താമരക്കുളം റംസാന്‍ മന്‍സില്‍ സജേഖാന്‍ എന്ന സഞ്ജയ് ഖാന്‍ (38) എന്നിവരെയാണ് കായംകുളം ഡി വൈ എസ് പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 

ചേപ്പാട് ഉണ്ണി ഭവനത്തില്‍ രാധമ്മ (75)യുടെ അഞ്ച് പവന്‍ തൂക്കമുള്ള രണ്ട് മാലകളാണ് ഇവര്‍ കവര്‍ന്നത്. കഴിഞ്ഞ ആഗസ്റ്റ് 31ന് രാധമ്മ വീടിനുമുന്നില്‍ നില്‍ക്കുമ്പോളായിരുന്നു സംഭവം. ബൈക്കിലെത്തിയ സംഘം വഴി ചോദിക്കാന്‍ എന്ന വ്യാജേന ഇവരുടെ സമീപം ബൈക്ക് നിര്‍ത്തി വിസിറ്റിംഗ് കാര്‍ഡ് കാണിച്ച് അഡ്രസ്സ് ചോദിക്കുന്നതിനിടെ മാല പൊട്ടിച്ചു കടന്നു കളയുകയായിരുന്നു. അന്ന് തന്നെ കരീലകുളങ്ങര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. 

തുടര്‍ന്നുള്ള അന്വേഷണത്തില്‍ പ്രതികള്‍ ഉപയോഗിച്ച പള്‍സര്‍ ബൈക്ക് മോഷ്ടിച്ച ബൈക്ക് ആണെന്ന് കണ്ടെത്തിയിരുന്നു. കൊട്ടാരക്കരയില്‍നിന്നു മോഷ്ടിച്ച ബൈക്ക് എറണാകുളത്ത് ഉപേക്ഷിച്ച ശേഷം അവിടെനിന്നു പള്‍സര്‍ ബൈക്ക് മോഷ്ടിച്ച് ചേപ്പാട് എത്തുകയായിരുന്നു. രാധമ്മയുടെ കയ്യില്‍ നല്‍കിയ ഡിണ്ടിഗല്‍ ഉള്ള സ്ഥാപനത്തിന്റെ വിസിറ്റിംഗ് കാര്‍ഡ് പ്രതികളുടെ തമിഴ്നാട് ബന്ധം പൊലീസ് സംശയിച്ചു. 

തുടര്‍ന്നുള്ള വിശദമായ അന്വേഷണത്തിലാണ് പ്രതികള്‍ പൊലീസ് വലയിലായത്. മുന്നൂറോളം സി സി ടി വി ദൃശ്യങ്ങളും നൂറിലധികം ലോഡ്ജുകളും തമിഴ്നാട്ടിലെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരെ കേന്ദ്രീകരിച്ചും പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്. ഇവര്‍ നിരവധി മോഷണക്കേസുകളിലെ പ്രതികളാണ്. 

ബാംബൂ കര്‍ട്ടന്‍ വില്‍പ്പനയ്ക്ക് നടക്കുന്ന സജേഖാന്‍ അക്ബര്‍ഷായെ വിളിച്ചു വരുത്തിയ ശേഷം ഇരുവരും മോഷണം ആസൂത്രണം ചെയ്യുകയായിരുന്നു. വടക്കന്‍ ജില്ലക്കാരാണെന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്ന് പ്രതികള്‍ സമ്മതിച്ചതായി കരീലക്കുളങ്ങര പൊലീസ് ഇന്‍സ്‌പെക്ടര്‍ എം സുധിലാല്‍ പറഞ്ഞു. പൊട്ടിച്ച മാല വില്‍പ്പന നടത്തി തുക പങ്കിട്ട ശേഷം അക്ബര്‍ഷാ തമിഴ്നാട് ഏര്‍വാടിയില്‍ പോയി താമസിക്കുകയായിരുന്നു. 


അടുത്ത ദിവസം വേറൊരു പിടിച്ചുപറി പ്ലാനിട്ട് ഇരിക്കെ സജേഖാനെ താമരക്കുളത്തുള്ള വാടക വീട്ടില്‍ നിന്നും, അക്ബര്‍ഷായെ തമിഴ്നാട് ഏര്‍വാടിയില്‍ നിന്നും താമരക്കുളതേക്ക് വരുന്നതിനിടയിലാണ് പൊലീസ് പിടികൂടിയത്. ഇവര്‍ മോഷ്ടിച്ച രണ്ടു ബൈക്കുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. 

കായംകുളം ഡിവൈഎസ്പി അലക്‌സ് ബേബിയുടെ നേതൃത്വത്തില്‍ കരീലക്കുളങ്ങര എസ്എച്ച്ഒ, എം സുധിലാല്‍, എസ് ഐ ഷെഫീഖ്, എഎസ്‌ഐ ഷമ്മി സ്വാമിനാഥന്‍ പൊലീസ് ഉദ്യോഗസ്ഥരായ ഗിരീഷ് എസ് ആര്‍, മണിക്കുട്ടന്‍, സജീവ്, വിനീഷ്, ഇയാസ് ഇബ്രാഹിം, ഷാജഹാന്‍, ദീപക്, വിഷ്ണു, അരുണ്‍ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

Share this story