ആലപ്പുഴയിൽ കാറിടിച്ച് ചികിത്സയിലിരുന്ന വിദ്യാർത്ഥിനി മരിച്ചു
Jan 4, 2025, 18:15 IST
ആലപ്പുഴ: കോളജിലേക്കുള്ള റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ചു ഗുരുതരമായ പരിക്കേറ്റ് ചികിത്സയിലായിരുന്ന നിയമ വിദ്യാർത്ഥിനി മരിച്ചു. തോണ്ടൻകുളങ്ങര സ്വദേശി വാണി സോമശേഖരൻ (24) ആണ് കഴിഞ്ഞ ദിവസം മരിച്ചത്.
2023 സെപ്റ്റംബർ 21ന് ഏറ്റുമാനൂർ സിഎസ്ഐ ലോ കോളജിന് മുന്നിലായിരുന്നു ദാരുണമായ അപകടം നടന്നത്. കോളേജിലേക്കുള്ള റോഡ് ക്രോസ് ചെയ്യുന്നതിനിടെ വാണിയെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. വീഴ്ചയിൽ തലച്ചോറിന് ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് 12 മാസത്തോളം ചികിത്സയിലായിരുന്നു.
വീട്ടിൽ വെന്റിലേറ്റർ സൗകര്യമൊരുക്കിയാണ് വാണിയെ പരിചരിച്ചിരുന്നത്. ഒടുവിൽ ഇന്നലെ ഉച്ചയോടെയായിരുന്നു അന്ത്യം. അമ്പലപ്പുഴ മണി ജ്വല്ലറി ഉടമ സോമശേഖരന്റെയും മായയുടെയും മകളാണ് വാണി.