ആലപ്പുഴയില്‍ വെസ്റ്റ് നൈല്‍പനി സ്ഥിരീകരിച്ചു ​​​​​​​

fever

ഹരിപ്പാട് : ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിലെ പാനൂരില്‍ ഒരാള്‍ക്ക് വെസ്റ്റ് നൈല്‍പനി സ്ഥിരീകരിച്ചു. ഒരാഴ്ചമുമ്പ് ശരീരവേദനയും ഛര്‍ദ്ദിയുമായി തൃക്കുന്നപ്പുഴ ഫഷറീസ് ആശുപത്രിയില്‍ ചികില്‍സ തേടിയെത്തിയ 55 കാരനാണ് രോഗം സ്ഥിരീകരിച്ചത്.

 ഫിഷറീസ് ആശുപത്രിയില്‍ നിന്നും വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയ ഇദ്ദേഹത്തിന്റെ രക്തസാമ്പിളുകള്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനയ്ക്ക് അയയ്ക്കുകയും രോഗം സ്ഥിരീകരിച്ചുകൊണ്ട് ഫലം എത്തുകയുമായിരുന്നു. ഇദ്ദേഹത്തെ പ്രത്യേക നിരീക്ഷണത്തില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംസ്ഥാനത്ത് അപൂര്‍വമായി മാത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചത് തീരപ്രദേശത്ത് ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ക്യൂലക്സ് ഇനത്തില്‍പ്പെട്ട കൊതുകുകളാണ് വെസ്റ്റ് നൈല്‍ പരത്തുന്നതെന്ന് രോഗിയെ ആദ്യഘട്ടത്തില്‍ പരിശോധിച്ച തൃക്കുന്നപ്പുഴ ആശുപത്രിയിലെ ആര്‍ എം ഒ ഡോ. സുനില്‍ പറഞ്ഞു. കൊതുകില്‍ നിന്ന് മാത്രമേ ഇത് പിടിപെടുകയുള്ളൂ. മനുഷ്യരില്‍ നിന്ന് പകരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പക്ഷികളില്‍ നിന്ന് കൊതുകുകളിലേക്കും അത്തരം കൊതുകുകളില്‍ നിന്ന് മനുഷ്യരിലേക്കും പകരും. ചൂട്്, ശരീരവേദന, ഛര്‍ദ്ദി, തലവേദന തുടങ്ങിയവയാണ് വെസ്റ്റ് നൈല്‍ രോഗ ലക്ഷണം.

 ഈ ലക്ഷണമുള്ളവര്‍ ആശുപത്രയിലെത്തി ചികില്‍സ തേടണം. പനിയ്ക്ക് സ്വയം ചികില്‍സ നടത്തുന്നത് രോഗം കണ്ടെത്താന്‍ കഴിയാതെ വരും. കൊതുക് പെരുകുന്ന സാഹചര്യം പൂര്‍ണമായും ഒഴിവാക്കണമെന്നും കൊതുക് ശല്യമുള്ള പ്രദേശത്ത് പ്രത്യേക ശ്രദ്ധവേണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. തൃക്കുന്നപ്പുഴ പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ പാനൂര്‍ പ്രദേശത്ത് നാളെ മുതല്‍ കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.
 

Tags