ആദിവാസി യുവാവിനെ കാറില്‍ റോഡിലൂടെ വലിച്ചിഴച്ച സംഭവം ; പ്രതികള്‍ പിടിയിലായതായി സൂചന
വാഹനം ഓടിച്ചത് പച്ചിലക്കാട് സ്വദേശി അര്‍ഷിദാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു
വയനാട് പയ്യമ്പള്ളി കൂടല്‍ കടവില്‍ ആദിവാസി യുവാവ് മാതനെ കാറില്‍ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ നാലു പ്രതികള്‍ പിടിയിലായതായി സൂചന. വാഹനം ഓടിച്ചത് പച്ചിലക്കാട് സ്വദേശി അര്‍ഷിദാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു. വാഹനത്തില്‍ ഉണ്ടായിരുന്നത് പച്ചിലക്കാട് സ്വദേശികളായ രണ്ടു പേരും പനമരം വാടോച്ചാല്‍ സ്വദേശികളായ രണ്ട് യുവാക്കളും ആണെന്ന് പൊലീസിന് വിവരം ലഭിച്ചതായി സൂചന.
കഴിഞ്ഞ ദിവസമാണ് കൂടല്‍ക്കടവ് തടയിണയില്‍ കുളിക്കാന്‍ എത്തിയ യുവാക്കള്‍ ചെമ്മാട് ഉന്നതിയിലെ മാതനെ വാഹനത്തില്‍ വലിച്ചിഴച്ച് പരിക്കേല്‍പ്പിച്ചത്. മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് മാതന്‍. പ്രതികള്‍ സഞ്ചരിച്ച വാഹനം പൊലീസ് ഇന്നലെ കസ്റ്റഡിയില്‍ എടുത്തിരുന്നു.
അരകിലോമീറ്ററോളമാണ് മാതനെ പ്രതികള്‍ റോഡിലൂടെ വലിച്ചിഴച്ചത്. പുല്‍പ്പള്ളി റോഡില്‍ ഇന്നലെ വൈകീട്ടായിരുന്നു സംഭവം. കൂടല്‍ കടവ് ചെക്ക് ഡാം കാണാന്‍ എത്തിയ വിനോദ സഞ്ചാരികളുമായുണ്ടായ വാക്ക് തര്‍ക്കമാണ് മാതനെ റോഡിലൂടെ വലിച്ചിഴക്കാന്‍ കാരണമെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.