അട്ടപ്പാടി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മരം വീണു

attapaadi

പാലക്കാട്: അട്ടപ്പാടി ചുരം റോഡില്‍ നാലാം വളവില്‍ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് വന്‍മരം കടപുഴകി വീണു. ഇന്നലെ രാവിലെ 11 മണിയോടെ ആണ് സംഭവം. റോഡില്‍ നിന്നും ഏകദേശം അഞ്ചു മീറ്റര്‍ ഉയരത്തിലുള്ള തിട്ടയില്‍ നിന്നും മരം കടപുഴകി വീഴുകയായിരുന്നു. കാറിന്റെ മുന്‍വശം തകര്‍ന്നു. വാഹനത്തില്‍ സഞ്ചരിച്ചിരുന്നവര്‍ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് ഒന്നരമണിക്കൂറില്‍ അധികം സമയം ചുരം റോഡില്‍ ഗതാഗതം തടസപ്പെട്ടു.

റോഡിന്റെ ഇരുഭാഗങ്ങളില്‍നിന്ന് എത്തിയ നിരവധി വാഹനങ്ങള്‍ വഴിയില്‍ കുടുങ്ങി. മണ്ണാര്‍ക്കാട് നിന്നും അഗ്‌നിശമനസേന സ്ഥലത്തെത്തി നാട്ടുകാരുടെയും യാത്രക്കാരുടെയും സഹകരണത്തോടെ 12.45 ഓടെ മരം മുറിച്ചു നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. മരം വീണതിനൊപ്പം കല്ലുകളും നിലംപതിച്ചു. 

സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ടി. ജയരാജന്‍, സേനാംഗങ്ങളായ എന്‍. അനില്‍കുമാര്‍, എം.എസ്. ഷബീര്‍, കെ. പ്രശാന്ത്, സന്ദീപ്, ഒ.എസ്. സുഭാഷ്, ആപ്ത മിത്ര വളണ്ടിയര്‍ സന്ദീപ് എന്നിവര്‍ നേതൃത്വം നല്‍കി. അട്ടപ്പാടി തഹസില്‍ദാര്‍ ഷാനവാസ് ഖാന്‍, മണ്ണാര്‍ക്കാട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എന്‍. സുബൈര്‍, അഗളി പോലീസ് സംഘം എന്നിവരും സ്ഥലത്തെത്തി.

attapaadi 1

അട്ടപ്പാടിയില്‍ ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന് മുകളിലേക്ക് മരം വീഴുന്നത് ഒരു മാസത്തിനിടെ ഇത് അഞ്ചാം തവണയാണ്. ഒരാള്‍ മരണപ്പെടുകയും രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഭാഗ്യം കൊണ്ടു മാത്രമാണ് മറ്റ് അനിഷ്ട സംഭവങ്ങള്‍ ഒഴിവായത്. ഒട്ടനവധി സ്ഥലങ്ങളില്‍ മരം വീണ് ഗതാഗതം മുടങ്ങുകയും വൈദ്യുത് ലൈനുകളും പോസ്റ്റുകളും പൊട്ടി വീഴുകയും മണിക്കൂറുകളോളം വൈദ്യുതി നിലയ്ക്കുകയുമുണ്ടായി.

ദിനംപ്രതി അപകടങ്ങള്‍ ഉണ്ടായിട്ടും അപകട നിലയിലുള്ള മരങ്ങള്‍ മുറിച്ചു നീക്കാനോ റോഡ് സുരക്ഷ ഉറപ്പാക്കാനോ നടപടികളില്ലെന്ന പരാതി വ്യാപകമാണ്. നിരവധി മരങ്ങളാണ് ഏതു സമയവും നിലംപൊത്താവുന്ന നിലയില്‍ റോഡരികിലുള്ളത്. ഇത്തരം മരങ്ങള്‍ മുറിച്ചു നീക്കുന്നതിന് വനംവകുപ്പും റവന്യൂ അധികൃതരും ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
 

Tags