മകരവിളക്ക് മഹോത്സവം: ശബരിമലയിൽ പോലീസിന്റെ പുതിയ ബാച്ച് ചുമതലയേറ്റെടുത്തു
ശബരിമല: ശബരിമലയിൽ പോലീസിന്റെ അഞ്ചാമത്തെ ബാച്ച് സ്പെഷ്യൽ ഓഫീസർ എസ്. മധുസൂദനന്റെ നേതൃത്വത്തിൽ ചുമതലയേറ്റെടുത്തു. നിലവിൽ തിരുവനന്തപുരം ക്രൈം ബ്രാഞ്ച് എസ്പിയാണ് എസ് മധുസൂദനൻ.
അന്യ സംസ്‌ഥാനങ്ങളിൽ നിന്നുൾപ്പെടെ വരുന്ന അതിഥികളായ അയ്യപ്പഭക്തന്മാർക്ക് അടുത്ത ഒരു വർഷത്തേക്ക് ശബരീശന്റെ ദിവ്യരൂപം മനസ്സിൽ നിൽക്കത്തക്കരീതിയിൽ ദർശനം സാധ്യമാക്കി അവരെ തിരികെ മടക്കുക എന്നുള്ളതാകണം ഡ്യൂട്ടിയിലുള്ള ഓരോരുത്തരുടെയും കടമയെന്ന് സ്പെഷ്യൽ ഓഫീസർ പുതിയ ബാച്ചിനെ ഓർമ്മപ്പെടുത്തി.
സന്നിധാനവുമായി ബന്ധപ്പെട്ട എല്ലാ സ്‌ഥലങ്ങളെക്കുറിച്ചും കൃത്യമായ ഗ്രാഹ്യം ഡ്യൂട്ടിയിലുള്ള ഓരോ പോലീസ് ഉദ്യോഗസ്ഥനും ഉണ്ടായിരിക്കണമെന്നും അയ്യപ്പഭക്തരുടെ ചോദ്യങ്ങൾക്ക് ക്ഷമയോടെ കൃത്യമായ ഉത്തരങ്ങൾ നൽകാൻ ശ്രദ്ധിക്കണമെന്നും സ്പെഷ്യൽ ഓഫീസർ പറഞ്ഞു.
കൊടിമരം, സോപാനം, പതിനെട്ടാം പടി, നടപ്പന്തൽ, യൂ-ടേൺ, ശരംകുത്തി, മരക്കൂട്ടം, മാളികപ്പുറം, പാണ്ടിത്താവളം, കൺട്രോൾ റൂം എന്നിവയാണ് പ്രധാന പോലീസ് ഡ്യൂട്ടി പോയിന്റുകൾ.
നടപ്പന്തൽ മുതൽ മരക്കൂട്ടം വരെയുള്ള ഒന്നാമത്തെ സെക്ടറിന്റെ ചുമതല എ.എസ്.പി ഹരീഷ് ജെയിനിനും പതിനെട്ടാം പടി മുതൽ പാണ്ടിത്താവളം വരെയുള്ള രണ്ടാമത്തെ സെക്ടറിന്റെ ചുമതല എ.എസ്.ഒ വിനോദിനുമാണ്. 10 ഡിവൈഎസ്പിമാരും, 33 സിഐമാരും, 96 എസ്ഐ-എഎസ്ഐമാരും ഉൾപ്പെടെ 1,437 പേരാണ് പുതിയ ബാച്ചിലുള്ളത്.