ശബരിമലയിലെ ഡോണർ മുറികളിൽ ഒന്ന് കൈവശം വച്ച് ഗുജറാത്ത് ആസ്ഥാനമായ ഫാർമസ്യൂട്ടിക്കൽ കമ്പനി; വിശദീകരണം തേടി ഹൈക്കോടതി
ശബരിമല : ശബരിമലയിലെ ദേവസ്വം പിൽഗ്രിം സെൻ്ററായ പ്രണവത്തിലെ ഡോണർ മുറികളിൽ ഒന്ന് ഗുജറാത്ത് ആസ്ഥാനമായ ഫാർമസ്യൂട്ടിക്കൽ കമ്പനി കൈവശം വച്ചിരിക്കുന്നതിൽ ഹൈക്കോടതി സർക്കാരിനോടും തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും വിശദീകരണം തേടി. പ്രണവം ബിൽഗ്രീൻ സെൻററിലെ 117 ാം നമ്പർ മുറി അടച്ചിട്ട നിലയിലാണ് എന്ന സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് എസ് മുരളീകൃഷ്ണൻ എന്നിവരുടെതാണ് നടപടി.
ഗസ്റ്റ് ഹൗസ് നവീകരണത്തിന് സാമ്പത്തിക സഹായം നൽകുന്നവർ ദർശനത്തിനായി സന്നിധാനത്ത് എത്തുമ്പോൾ താങ്ങാനാണ് ഡോണർ റൂം അനുവദിക്കുന്നത്. ഇതിൻ്റെ പേരിൽ ഗുജറാത്ത് ആസ്ഥാനമായ ഫാംസൺ ഫാർമ എന്ന കമ്പനി വർഷത്തിൽ മുഴുവൻ സമയവും മുറി കൈവശം വെച്ചിരിക്കുകയാണ്. ഭക്തർ നിലത്ത് വിരിവച്ച് കിടക്കുമ്പോഴാണ് ഒരു മുറി ആരും ഉപയോഗിക്കാതെ പൂട്ടിയിട്ടിരിക്കുന്നത് എന്ന് കോടതി ചൂണ്ടിക്കാട്ടി.
ദേവസ്വം ബോർഡിൻ്റെ മനോഭാവം ഇങ്ങനെ ആണെങ്കിൽ വിഷയത്തിൽ പോലീസിനെ ഇടപെടുത്തേണ്ടി വരുമെന്നും കോടതി പറഞ്ഞു. വിഷയം ഇന്ന് കോടതി വീണ്ടും പരിഗണിക്കും. കൊല്ലം സ്വദേശിയും വ്യവസായിയുമായ സുനിൽ സ്വാമി സന്നിധാനത്തെ സഹ്യാദ്രി പിൽഗ്രിം സെൻ്ററിലെ ഡോണർ മുറികളിൽ ഒന്ന് പത്ത് വർഷക്കാലത്തോളമായി കൈവശം വെച്ച് ഉപയോഗിക്കുന്നതായി രണ്ടാഴ്ച മുമ്പ് കോടതി കണ്ടെത്തിയിരുന്നു. തുടർന്ന് കോടതി നിർദേശ പ്രകാരം ദേവസ്വം ബോർഡ് മുറി ഒഴിപ്പിക്കുകയായിരുന്നു.