12കാരിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; പൂയപ്പള്ളിയില്‍ അധ്യാപകന്‍ അറസ്റ്റില്‍
കൗണ്‍സിലിങ്ങിലാണ് അധ്യാപകന്റെ ചെയ്തികളെക്കുറിച്ച് പെണ്‍കുട്ടി പറഞ്ഞത്.
പൂയപ്പള്ളിയില്‍ പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. ചെറിയ വെളിനല്ലൂര്‍ സ്വദേശി ഷെമീറാണ് പിടിയിലായത്. മൈലോട് പ്രവര്‍ത്തിക്കുന്ന സ്‌കൂളിലെ ഉറുദു അധ്യാപകനാണ് പ്രതി. 12കാരിയാണ് പീഡനത്തിനിരയായത്. ദിവസങ്ങള്‍ക്ക് മുമ്പ് ട്യൂഷന്‍ സെന്ററിലേക്ക് പോകാനായി12 കാരി വീട്ടില്‍ നിന്നിറങ്ങി. എന്നാല്‍ കുട്ടി സ്ഥാപനത്തില്‍ എത്തിയില്ലെന്ന് ട്യൂഷന്‍ സെന്റര്‍ അധികൃതര്‍ രക്ഷിതാക്കളെ അറിയിച്ചു. പരിഭ്രാന്തരായ വീട്ടുകാര്‍ കുട്ടിയെ കാണാനില്ലെന്ന് പൂയപ്പള്ളി പൊലീസില്‍ പരാതി നല്‍കി.
പൊലീസ് അന്വേഷണം നടത്തുന്നതിനിടെ പെണ്‍കുട്ടിയെ വഴിയില്‍ വച്ച് കണ്ടെത്തി. ഉറുദു അധ്യപകനായ ഷെമീര്‍ കുട്ടിയെ കൂട്ടിക്കൊണ്ട് പോയ ശേഷം വഴിയില്‍ ഇറക്കിവിട്ടതാണെന്ന സൂചന പൊലീസിന് ലഭിച്ചു. പൊലീസ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അടുത്ത ദിവസം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കി. കൗണ്‍സിലിങ്ങിലാണ് അധ്യാപകന്റെ ചെയ്തികളെക്കുറിച്ച് പെണ്‍കുട്ടി പറഞ്ഞത്.
പല തവണ വിദ്യാര്‍ത്ഥിനിയെ ഷെമീര്‍ ലൈംഗീക താല്‍പര്യത്തോടെ സമീപിച്ചെന്നും ശരീരത്തില്‍ സ്പര്‍ശിച്ചെന്നുമാണ് പരാതി. അന്വേഷണം നടക്കവേ പ്രതി കഴിഞ്ഞ ദിവസം സ്‌കൂളില്‍ എത്തി. ഈ വിവരം അറിഞ്ഞ പൊലീസ് ഷെമീറിനെ പിടികൂടുകയായിരുന്നു. പ്രതിക്കെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. കോടതിയില്‍ ഹാജരാക്കിയ ഷെമീറിനെ റിമാന്‍ഡ് ചെയ്തു.