തൃശൂര്‍പൂരം വെടിക്കെട്ട് ശനിയാഴ്ച്ച വൈകീട്ട് 6.30 ന്
Thrissur Pooram

തൃശൂര്‍: കാലാവസ്ഥ അനുകൂലമെങ്കില്‍ തൃശൂര്‍പൂരം വെടിക്കെട്ട് ശനിയാഴ്ച്ച വൈകീട്ട് ആറരയ്ക്ക് നടത്തും. ജില്ലാ ഭരണകൂടത്തിന്റെ അനുമതിക്കു വിധേയമായി ശനിയാഴ്ച്ച വെടിക്കെട്ടു നടത്താന്‍ ദേവസ്വങ്ങളുടെ സംയുക്തയോഗമാണ് തീരുമാനിച്ചത്. മഴയെ തുടര്‍ന്ന് ബുധനാഴ്ച്ച പുലര്‍ച്ചെ നടത്താന്‍ നിശ്ചയിച്ച വെടിക്കെട്ടാണ് മാറ്റിയത്. ആദ്യം വ്യാഴാഴ്ച്ചയിലേക്കു മാറ്റി. അന്നും മഴ കനത്തതോടെ കാലാവസ്ഥ നോക്കി നടത്താന്‍ തീരുമാനിച്ചു.

ഞായറാഴ്ച അവധിയായതിനാല്‍ ശുചീകരണം എളുപ്പത്തിലാക്കാനാണ് ശനിയാഴ്ചയിലേക്ക് മാറ്റിയത്. ന്യൂനമര്‍ദം മൂലം അഞ്ചുദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ്. ഇത് ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും ഇനിയും വൈകിപ്പിക്കേണ്ടെന്നാണ് തീരുമാനം.

അഞ്ചു മണിക്കൂറെങ്കിലും മഴ മാറിനിന്നാല്‍ വെടിക്കെട്ട് നടത്താനാകുമെന്നാണ് വിലയിരുത്തല്‍. മഴ ശക്തമായി പെയ്താല്‍ മണ്ണിന്റെ ഈര്‍പ്പം കൂടും. ഇന്നലെ മഴ കുറേ നേരം വിട്ടുനിന്നിരുന്നു. ഇതു കണക്കിലെടുത്താണ് തീരുമാനം. വെടിമരുന്നുകള്‍ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ വെടിക്കെട്ടുപുരകളില്‍ പോലീസ് കാവലില്‍ സൂക്ഷിച്ചിരിക്കുകയാണ്.
 

Share this story