തൊടുപുഴ പീഡനക്കേസ് ; പ്രതികളെ കസ്‌റ്റഡിയിൽ കിട്ടാൻ അനുമതി തേടി അന്വേഷണ സംഘം
rape

ഇടുക്കി: തൊടുപുഴയിൽ പതിനേഴുകാരിയെ കൂട്ടബലാൽസംഗം നടത്തിയ സംഭവത്തിലെ മുഖ്യപ്രതികളെ കസ്‌റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ അനുമതി തേടി അന്വേഷണ സംഘം കോടതിയെ സമീപിച്ചു. പ്രതികളായ കുമാരമംഗലം മംഗലത്ത് രഘു(51), പെരിന്തൽമണ്ണ മാളിയേക്കൽ ജോൺസൺ (50) എന്നിവരെ ചോദ്യം ചെയ്യാനാണ് അന്വേഷണം സംഘം പോക്‌സോ കോടതിയുടെ അനുമതി തേടിയത്.

പെൺകുട്ടിയെ പീഡിപ്പിച്ച സ്‌ഥലങ്ങളിൽ കൊണ്ടുപോയി അന്വേഷണം നടത്തുന്നതിന് പ്രതികളെ കസ്‌റ്റഡിയിൽ വിട്ട് നൽകണമെന്ന് സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ പിബി വാഹിദ ആവശ്യപ്പെട്ടു. പ്രതികളെ നേരത്തെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ റിമാൻഡ് ചെയ്‌തിരുന്നു. ഒന്നാം പ്രതിയുടെ കുമാരമംഗലത്തെ വീട്ടിൽ വെച്ച് കുട്ടിയുടെ അമ്മയുടെ അറിവോടെ പീഡിപ്പിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

മറ്റു പ്രതികളെ കണ്ടെത്താൻ കൂടുതൽ ചോദ്യം ചെയ്യലിന് വിധേയമാക്കേണ്ടത് ഉണ്ടെന്നും സ്പെഷ്യൽ പ്രോസിക്യൂട്ടർ കോടതിയെ ബോധിപ്പിച്ചു. പ്രോസിക്യൂഷൻ സമർപ്പിച്ച അപേക്ഷ പരിഗണിച്ച് അഡീഷണൽ സെഷൻസ് ജഡ്‌ജി പിവി അനീഷ് കുമാർ രണ്ട് പ്രതികളെയും തിങ്കളാഴ്‌ച കോടതിയിൽ ഹാജരാക്കാൻ ജില്ലാ ജയിൽ അധികൃതർക്ക് നിർദ്ദേശം നൽകി. പെൺകുട്ടിയുടെ അമ്മ അടക്കം ഇതുവരെ 8 പ്രതികൾ കേസിൽ അറസ്‌റ്റിലായിട്ടുണ്ട്.

ഒന്നര വർഷത്തിനിടെ പതിനഞ്ചിലേറെ പേർ പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി. പെൺകുട്ടിയെ വിട്ടുകൊടുത്തതിന് അമ്മ പണം കൈപ്പറ്റിയെന്നും ആരോപണമുണ്ട്. ഇതിന് വ്യക്‌തമായ ഉത്തരം നൽകാനാവുക ബേബിക്കാണെന്നാണ് പോലീസ് പറയുന്നത്. കുമാരമംഗലം സ്വദേശി ബേബിയെന്ന രഘുവാണ് ജോലി വാഗ്‌ദാനം ചെയ്‌ത്‌ പെൺകുട്ടിയെ വിളിച്ചുകൊണ്ട് പോയി പലർക്കും കൈമാറിയത്.

ബേബിയുടെ സുഹൃത്തായ തങ്കച്ചനാണ് പെൺകുട്ടിയെ ആദ്യം പീഡിപ്പിച്ചത്. പിന്നെ കോട്ടയത്തും എറണാകുളത്തും വെച്ച് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടു. പുറത്തുപറഞ്ഞാൽ കൊല്ലുമെന്നായിരുന്നു ഭീഷണി. പെൺകുട്ടി ഇപ്പോൾ ഗർഭിണിയാണ്. മുഖ്യപ്രതി ബേബിക്ക് സെക്‌സ്‌ റാക്കറ്റുമായി ബന്ധമുണ്ടെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

Share this story