ജലനിരപ്പ് ഉയരുന്നു; ഇടുക്കി ഡാമില്‍ റെഡ് അലര്‍ട്ട്
rain-
പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടുക്കി ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മുല്ലപ്പെരിയാറിലെ വെള്ളം കൂടി എത്തിയതോടെ ഡാമിലെ ജലനിരപ്പ് 2382.53 അടിയിലെത്തി. ഈ സാഹചര്യത്തില്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നേക്കും. പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
വയനാട് ബാണാസുര സാഗറില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 773 മീറ്റര്‍ എത്തിയ സാഹചര്യത്തിലാണ് അലര്‍ട്ട് പ്രഖ്യാപിച്ചത്. അതേസമയം കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാറില്‍ പത്ത് സ്പില്‍ വേ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടും ജലനിരപ്പ് ഉയരുകയാണ്. നിലവില്‍ 138 അടിയാണ് ഡാമിലെ ജലനിരപ്പ്.
വൃഷ്ടിപ്രദേശങ്ങളില്‍ മഴ തുടരുന്നതിനാല്‍ ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണെങ്കില്‍ കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്തി അധിക ജലം പെരിയാറിലേക്ക് ഒഴുക്കും. ഇതേ തുടര്‍ന്ന് പെരിയാര്‍ തീരത്ത് അതീവ ജാഗ്രത തുടരുകയാണ്.
അതേസമയം വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതോടെ ചാലക്കുടി പുഴയിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങി. നിലവില്‍ പുഴയിലെ ജലനിരപ്പ് മുന്നറിയിപ്പ് ലെവലിനും താഴെ 6.90 മീറ്ററിലെത്തി. പെരിങ്ങല്‍ക്കുത്ത് ഡാമില്‍ നിന്നും തുറന്നു വിടുന്ന വെള്ളത്തിന്റെ അളവും കുറച്ചിട്ടുണ്ട്.

Share this story