കൊച്ചി മെട്രോ ലൈനിന് ഇരുവശങ്ങളിലുമുളള വീടുകളുടെ ആഡംബര നികുതി 50% വര്‍ധിപ്പിക്കും
kochi metro
ലൈനിന്റെ ഇരുവശത്തുമായി ഓരോ കിലോമീറ്ററിനകത്തുളള വീടുകള്‍ക്കാണ് ഇത് ബാധകമാവുക

കൊച്ചി മെട്രോ ലൈനിന് ഇരുവശങ്ങളിലുമുളള വീടുകളുടെ ആഡംബര നികുതി 50% വര്‍ധിപ്പിക്കാന്‍ നീക്കം. ലൈനിന്റെ ഇരുവശത്തുമായി ഓരോ കിലോമീറ്ററിനകത്തുളള വീടുകള്‍ക്കാണ് ഇത് ബാധകമാവുക. ഇതുമായി ബന്ധപ്പെട്ട ലാന്‍ഡ് റവന്യു കമ്മീഷണറുടെ നിര്‍ദേശം സംബന്ധിച്ച് വിശദാംശങ്ങള്‍ നല്‍കാന്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ആലുവ മുതല്‍ തൃപ്പൂണിത്തുറ എസ്എന്‍ ജംക്ഷന്‍ വരെയുള്ള മെട്രോ ലൈനിന്റെ ഇരുവശത്തുമായി ഓരോ കിലോമീറ്റര്‍ ദൂര പരിധിയിലുളള വീടുകള്‍ക്കാണ് വര്‍ധന വരുത്താന്‍ ആലോചിക്കുന്നത്. നിലവില്‍ 278 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ കൂടുതലുള്ള വീടുകള്‍ക്കാണ് ആഡംബര നികുതി നല്‍കേണ്ടത്. പരിഷ്‌കരിച്ച നികുതി അനുസരിച്ച് 278 ചതുരശ്ര മീറ്റര്‍ മുതല്‍ 464 ചതുരശ്ര മീറ്റര്‍ വരെ വിസ്തൃതിയുള്ള കെട്ടിടങ്ങള്‍ക്കു എല്ലാ വര്‍ഷവും 5,000 രൂപ വീതം ആഡംബര നികുതി നല്‍കണം. നിര്‍ദേശം നടപ്പായാല്‍ ഇവര്‍ക്ക് 7,500 രൂപയായിരിക്കും പുതിയ നികുതി.464 ചതുരശ്ര മീറ്റര്‍ മുതല്‍ 695 വരെ 10,000 രൂപയും അതിനു മുകളിലേക്ക് 12,500 രൂപയുമാണ് നിലവില്‍ ആഡംബര നികുതി. എറണാകുളം വില്ലേജില്‍ 450 വീടുകളും എളംകുളം വില്ലേജില്‍ 675 വീടുകളുമാണ് നികുതി നല്‍കേണ്ടത്. കണയന്നൂര്‍ താലൂക്കില്‍ 21 വില്ലേജുകളിലായി ആഡംബര നികുതി നല്‍കേണ്ട 5,000 വീടുകളുമുണ്ട്.

Share this story