വരുതിയില്‍ വന്നില്ലെങ്കില്‍ വകവരുത്തുമെന്ന സന്ദേശമാണ് സര്‍ക്കാര്‍ നല്‍കുന്നത്: വി മുരളീധരന്‍
v muralidharan

സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. വരുതിയില്‍ വന്നില്ലെങ്കില്‍ വകവരുത്തുമെന്ന സന്ദേശമാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ അപായപ്പെടുത്താന്‍ നീക്കം നടന്നെന്ന ഗവര്‍ണറുടെ വെളിപ്പെടുത്തലില്‍ ആരോപണവിധേയനായ പ്രൈവറ്റ് സെക്രട്ടറിയെ പുറത്താക്കി മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെ കെ രാഗേഷിനെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെടുകയാണ്. അന്വേഷണം പ്രഖ്യാപിക്കുന്നില്ലെങ്കില്‍ കണ്ണൂരില്‍ നടന്നത് മുഖ്യമന്ത്രിയുടെ മൗനാനുവാദത്തോടെ എന്ന് പറയേണ്ടി വരും. അഴിമതിയെ ചോദ്യം ചെയ്യുമ്പോള്‍ ഗവര്‍ണറെ അധിക്ഷേപിച്ചും വളഞ്ഞിട്ട് ആക്രമിച്ചും സിപിഎം മുന്നോട്ടുവരുകയാണ്. ഓണാഘോഷ പരിപാടിയില്‍ നിന്ന് ഗവര്‍ണറെ ഒഴിവാക്കുന്നതുവരെ കണ്ടു. ഗവര്‍ണറുടെ അധികാരം പരിമിതപ്പെടുത്താനുള്ള ശ്രമങ്ങള്‍ വിലപ്പോകില്ലെന്നും അദ്ദേഹം അറിയിച്ചു.

ക്രിമിനലുകളുടെ താവളമാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. കുറ്റവാളികളെന്ന് ആരോപിക്കപ്പെടുന്നവര്‍ ഓഫീസിലിരിക്കുമ്പോള്‍ നിഷ്പക്ഷ അന്വേഷണം പ്രതീക്ഷിക്കുന്നില്ല. മുദ്രാവാക്യ പ്രതിഷേധം മാത്രമാണു നടന്നതെന്ന് സ്ഥാപിക്കുന്നത് ആര്‍ക്ക് വേണ്ടിയാണെന്നും മുരളീധരന്‍ ചോദിക്കുന്നു.

Share this story