ഒന്നാം സമ്മാനം കിട്ടിയ കേരള ഭാഗ്യക്കുറിയുടെ ലോട്ടറി ടിക്കറ്റ് തട്ടിയെടുത്ത കേസ് ; എട്ടുപേര്‍ അറസ്റ്റില്‍

google news
arrested

മഞ്ചേരിയില്‍ ഒന്നാം സമ്മാനം കിട്ടിയ കേരള ഭാഗ്യക്കുറിയുടെ ലോട്ടറി ടിക്കറ്റ് തട്ടിയെടുത്ത കേസില്‍ സംഘം സമ്മാനത്തിന് അര്‍ഹനായ ആളെ സമീപിപ്പിച്ചത് സ്വകാര്യ ബാങ്ക് ജീവനക്കാരെന്ന പേരിലെന്ന് പൊലീസ്. സംഭവത്തില്‍ എട്ട് പേരാണ് അറസ്റ്റിലായിട്ടുള്ളത്. മഞ്ചേരി പാപ്പിനിപ്പാറ സ്വദേശി അലവിയുടെ  പരാതിയിലാണ്  മഞ്ചേരി പൊലീസിന്റെ നടപടി. അലനല്ലൂര്‍ തിരുവിഴാംകുന്ന്  മൂജിബ്, പുല്‍പറ്റ കുന്നിക്കല്‍ പ്രഭാകരന്‍, ശ്രീകൃഷ്ണപുരം സ്വദേശികളായ കല്ലുരിക്കല്‍ അബ്ദുല്‍ അസീസ്,  അബ്ദുല്‍ ഗഫൂര്‍,   കൊങ്ങശ്ശേരി വീട്ടില്‍ അജിത് കുമാര്‍ , കലസിയില്‍ വീട്ടില്‍ പ്രിന്‍സ്,  ചോലക്കുന്ന് വീട്ടില്‍ ശ്രീക്കുട്ടന്‍, പാലക്കാട് കരിമ്പുഴ സ്വദേശി മുബഷിര്‍ എന്നിവരാണ് അറസ്റ്റിലായത്.

ഓഗസ്റ്റ് 19ന് ഫലം വന്ന കേരള ഭാഗ്യക്കുറിയുടെ നിര്‍മല്‍ ടിക്കറ്റിന്റെ ഒന്നാം സമ്മാനം അടിച്ചത് അലവി എന്നയാള്‍ക്കാണ്. അലവിക്ക് സമ്മാനം അടിച്ചത് അറിഞ്ഞതോടെ ഒരു സംഘം കൂടുതല്‍ പണം നല്‍കാമെന്ന് പറഞ്ഞ് സ്വകാര്യ ബാങ്ക് ജീവനക്കാരെന്ന വ്യാജേനെ അലവിയെ സമീപിക്കുകയായിരുന്നു. ടിക്കറ്റുമായി ഈ സംഘം കച്ചേരിപ്പടിയിലെത്താനാണ് ആവശ്യപ്പെട്ടു. ഇത് വിശ്വസിച്ച് അലവിയുടെ മകനും സുഹൃത്തുമാണ് കച്ചേരിപ്പിടിയിലേക്ക് പോയത്.  രണ്ടു കാറിലും ഒരു ബൈക്കിലുമായി വന്ന പ്രതികള്‍ ടിക്കറ്റ് സ്‌കാന്‍  ചെയ്യാനാണെന്ന പറഞ്ഞ് ഇരുവരേയും  വാഹനത്തിന് അകത്തേക്ക് കയറ്റുകയും  മാരകമായി പരിക്കേല്‍പ്പിക്കുകയുമായിരുന്നു.

ഇതിന് ശേഷം സമ്മാനര്‍ഹമായ ടിക്കറ്റുമായി കടന്ന് കളഞ്ഞു. സംഭവം നടന്ന പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചായിരുന്നു ആദ്യ ഘട്ട അന്വേഷണം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ കുറിച്ച് വിവരം ലഭിക്കുന്നത്. പിന്നാലെ പ്രതികള്‍ പൊലീസിന്റെ പിടിയിലാവുകയും ചെയ്തു.

Tags