യൂത്ത് കോണ്‍ഗ്രസ് സംവാദ പരിപാടിയില്‍ തരൂരിനെ പങ്കെടുപ്പിക്കുന്നതിന് കെപിസിസി നേതൃത്വം തടഞ്ഞുവെന്ന വാദം തള്ളി കെ പി സി സി പ്രസിഡന്റ്

google news
k sudhakaran

യൂത്ത് കോണ്‍ഗ്രസ് സംവാദ  പരിപാടിയില്‍ ശശി തരൂരിനെ പങ്കെടുപ്പിക്കുന്നതിന് കെപിസിസി നേതൃത്വം തടഞ്ഞുവെന്ന വാദം തള്ളി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. ശശി തരൂര്‍ എംപിയെ തടഞ്ഞു എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. 


യൂത്ത് കോണ്‍ഗ്രസ് എന്നത്  സമര പാരമ്പര്യം പേറുന്ന ജനാധിപത്യ സംഘടനയാണ്. പലപ്പോഴും മാതൃസംഘടനയെ തിരുത്തിയും, കലഹിച്ചും ചരിത്രത്തില്‍ ഇടംപിടിച്ച യൂത്ത് കോണ്‍ഗ്രസ്സിനെ ഇത്തരത്തില്‍ ഒരു പരിപാടിയില്‍ നിന്ന് വിലക്കാന്‍ കെപിസിസി ശ്രമിക്കില്ല.

തരൂര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവാണെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. അദ്ദേഹത്തിന് കേരളത്തില്‍ എവിടെയും രാഷ്ട്രീയ പരിപാടികള്‍ നല്‍കാന്‍ കെപിസിസി നേതൃത്വം പൂര്‍ണ്ണമനസ്സോടെ തയ്യാറാണെന്നും വ്യാജ പ്രചാരണങ്ങളെ തള്ളിക്കളയണമെന്നുമാണ് കെ സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദമാക്കിയത്. 

നേരത്തെ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് ശക്തമായ മത്സരം കാഴ്ചവെച്ച ശശി തരൂരിനെ പങ്കെടുപ്പിച്ചുള്ള സെമിനാറില്‍ നിന്നും യൂത്ത് കോണ്‍ഗ്രസ് പിന്‍വാങ്ങിയിരുന്നു. സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തിലായിരുന്നു സെമിനാര്‍ തീരുമാനിച്ചത്.

ശശി തരൂരിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തേണ്ടെന്ന് ഉന്നത നേതാക്കള്‍ നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ പിന്മാറ്റമെന്നായിരുന്നു വിശദീകരണം. യൂത്ത് കോണ്‍ഗ്രസ് നടത്താന്‍ നിശ്ചയിച്ചിരുന്ന പരിപാടി, അവര്‍ പിന്മാറിയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് അനുകൂല സാംസ്‌കാരിക സംഘടന ഏറ്റെടുക്കുകയും ചെയ്തിരുന്നു. എഐസിസി അവഗണന തുടരുമ്പോള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ ചുവട് ഉറപ്പിക്കാനുള്ള നീക്കവുമായി മലബാര്‍ പര്യടനം ഞായറാഴ്ച ആരംഭിക്കാനിരിക്കെയാണ് വിവാദമുയര്‍ന്നത്.

എഐസിസിയും കെപിസിസിയും അറിയാതെയുള്ള തരൂരിന്റെ യാത്രക്ക് ഏറെ പ്രധാന്യമുണ്ടെന്നാണ് നിരീക്ഷണം. അധ്യക്ഷ തെരഞ്ഞെടുപ്പില്‍ നേതൃത്വത്തിന്റെ ഭീഷണി അവഗണിച്ച് തരൂരിന് പിന്തുണ പ്രഖ്യാപിച്ച എം കെ രാഘവന്‍ എംപിയാണ് പരിപാടികളുടെ ചുക്കാന്‍ പിടിക്കുന്നത്. 


തരൂരിന് അര്‍ഹമായ പ്രാധാന്യം നല്‍കണമെന്ന സന്ദേശവുമായി ലീഗും നീക്കത്തെ പിന്തുണക്കുന്നുണ്ട്.കെ മുരളീധരനടക്കം പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കളുടെ പ്രോത്സാഹനവും തരൂരിനുണ്ട്. എന്നാല്‍ തരൂരിനെ പ്രത്യേകിച്ച് ദൗത്യമൊന്നും ഏല്‍പിച്ചിട്ടില്ലെന്നാണ് എഐസിസിയുടെ പ്രതികരണം. 

Tags