സേഫ് ആന്‍ഡ് സ്‌ട്രോങ് തട്ടിപ്പ്: 17 ലാപ്‌ടോപ്പുകള്‍ പിടിച്ചെടുത്തു

fffAS

തൃശൂര്‍: സേഫ് ആന്‍ഡ് സ്‌ട്രോങ് തട്ടിപ്പു കേസില്‍ ഇതുവരെ 36 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ്. ഈ കേസുകളില്‍ നിന്നായി രണ്ട് കോടി രൂപയുടെ നഷ്ടമാണ് നിക്ഷേപകര്‍ക്കുണ്ടായതെന്ന് തൃശൂര്‍ സിറ്റി കമ്മിഷണര്‍ അങ്കിത് അശോകന്‍ പറഞ്ഞു. 
പ്രതിയുടെയുംസ്ഥാപനത്തിന്റെയും കൈവശമുള്ള 17 ലാപ്‌ടോപ്പുകള്‍ ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. ഡിജിറ്റല്‍ രേഖകളടക്കം 335ഓളം ഡോക്യുമെന്റ്‌സ്  പിടിച്ചെടുത്തിട്ടുണ്ട്. 

അറസ്റ്റിലായ പ്രവീണ്‍ റാണ വിവിധ സ്ഥലങ്ങളിലായി വിവിധ പേരുകളില്‍ പത്തോളം കമ്പനികള്‍ തട്ടിപ്പിനായും ജനങ്ങളുടെ വിശ്വാസം നേടുന്നതിനായും നടത്തിയിരുന്നു. സേഫ് ആന്‍ഡ് സ്‌ട്രോങ് കണ്‍സള്‍ട്ടന്റ്‌സ്്, സേഫ് ആന്‍ഡ് സ്‌ട്രോങ് നിധി ലിമിറ്റഡ്, സേഫ് ആന്‍ഡ് സ്‌ട്രോങ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്, സേഫ് ആന്‍ഡ് സ്‌ട്രോങ് പ്രിന്റേഴ്‌സ് ആന്‍ഡ് പബ്ലിഷേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, സേഫ് ആന്‍ഡ് സ്‌ട്രോങ് എന്‍ജിനീയേഴ്‌സ് ആന്‍ഡ് ഡവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, സേഫ് ആന്‍ഡ് സ്‌ട്രോങ് ടിവി, സേഫ് ആന്‍ഡ് സ്‌ട്രോങ് അക്കാദമി, സേഫ് ആന്‍ഡ് സ്‌ട്രോങ് കൈപ്പുള്ളീസ്, സേഫ് ആന്‍ഡ് സ്‌ട്രോങ് മാര്‍ക്കറ്റിങ്ങ് ബിസിനസ്, ഐ ആം വെല്‍നസ് ഗ്രൂപ്പ് എന്നീ 11 സ്ഥാനങ്ങള്‍ ഇയാള്‍ രൂപീകരിച്ചിരുന്നു.

 സ്വന്തം പേര് ജനങ്ങള്‍ക്കിടയില്‍ ജനകീയമാക്കുക, അതുവഴി വിശ്വാസ്യത നേടിയെടുക്കുക എന്നതായിരുന്നു ലക്ഷ്യം. ഈ
സ്ഥാപനങ്ങളിലെല്ലാം പോലീസ് പരിശോധന നടത്തിയിട്ടുണ്ട്. ഇയാള്‍ ഉപയോഗിച്ചിരുന്ന ആഡംബര വാഹനങ്ങള്‍ ഉള്‍പ്പെ
പിടിച്ചെടുത്തു.

പ്രവീണ്‍ റാണയുടെ ബന്ധുക്കള്‍, ഓഫീസിലെ ജീവനക്കാര്‍, ഓഫീസിലെ മുന്‍ ജീവനക്കാര്‍, ബിസിനസ് പങ്കാളികള്‍, പ്രതി സ്വന്തം സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന ബൗണ്‍സര്‍മാര്‍ എന്നിവരെ ചോദ്യംചെയ്തിരുന്നു. ഇതില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ
അടിസ്ഥാനത്തില്‍ പല സംഘങ്ങളായി തിരിഞ്ഞ്
അന്വേഷണസംഘം എറണാകുളം, ബംഗളൂരൂ, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ അന്വേഷണം നടത്തിയിരുന്നു. പെരുമ്പാവൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള പൊള്ളാച്ചിക്കടുത്ത്
കിണത്തുംകടവ് പ്രദേശത്തെ ഒരു കരിങ്കല്‍ ക്വാറിയെപ്പറ്റി വിവരം ലഭിച്ചു. അവിടെയെത്തിയ അന്വേഷണസംഘമാണ് പ്രവീണിനെ അറസ്റ്റ് ചെയ്തത്. ഒളിവില്‍ കഴിഞ്ഞിരുന്നത് ജനവാസം തീരെയില്ലാത്ത ഒരു സ്ഥലത്തായിരുന്നു. കരിങ്കല്‍ ക്വാറിയിലെ തൊഴിലാളികള്‍ താമസിക്കുന്ന സാധാരണ ഒരു ഓടുമേഞ്ഞ വീട്ടിലെ പ്ലാസ്റ്റിക്ക് കട്ടിലില്‍ ആയിരുന്നു ഇയാള്‍ കിടന്നുറങ്ങിയിരുന്നത്.

കേസ് എടുത്തതിന് ശേഷം ഇയാള്‍ മുങ്ങി നടക്കുകയായിരുന്നു. പ്രവീണ്‍ റാണയെ തേടി എറണാകുളത്തെ ഫ്‌ളാറ്റ്  സമുച്ചയത്തിലേക്ക് അന്വേഷിച്ചെത്തിയ പോലീസ് സംഘത്തെ വെട്ടിച്ച് കടന്നുകളയുന്നതിന് ഉപയോഗിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു ആഡംബര കാര്‍ ഉള്‍പ്പെടെ ആകെ ഏഴു കാറുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. സ്ഥാപനത്തിന്റെ രേഖകളും വിവരങ്ങളുമടങ്ങിയ 17 ലാപ്‌ടോപ്പുകളും എട്ട് ഹാര്‍ഡ് ഡിസ്‌ക്കുകളും 35 മൊബൈല്‍ സിം കാര്‍ഡുകളുമുള്‍പ്പെടെ നിരവധി വസ്തുക്കള്‍ പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു.

Share this story