
ചുരുങ്ങിയ തലയില്‍ വരയുള്ള അപൂര്‍വയിനം പാമ്പിനെ നീലഗിരി വനമേഖലയില്‍ നിന്ന് കണ്ടെത്തി. സൈലോഫിസ് പെറോട്ടെറ്റി എന്നാണിത് അറിയപ്പെടുന്നത്. ആല്‍ബിനോ സ്പീഷിസ് വിഭാഗത്തില്‍ ഉള്‍പ്പെട്ടതാണ് ഈ പാമ്പെന്ന് വന്യജീവി ഗവേഷകര്‍ സ്ഥിരീകരിച്ചു. തെക്കന്‍ പശ്ചിമഘട്ടത്തിലെ ഷോളൂര്‍ ഗ്രാമത്തില്‍ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്.
വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പാമ്പിനെ ഊട്ടി ആര്‍ട്സ് കോളജിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് കൂടുതല്‍ വിവരങ്ങൾ ഗവേഷകര്‍ വെളിപ്പെടുത്തിയത്. ഇവയുടെ തലകള്‍ ചെറുതും, മൂക്കുകള്‍ ചെറിയ മുന പോലെയുമാണ് കാണപ്പെടാറ്. ഇത്തരം അപൂര്‍വയിനം പാമ്പുകളുടെ ചുരുങ്ങിയ തലയില്‍ വരകളും കാണാന്‍ സാധിക്കും. ആല്‍ബിനോ ഇനത്തില്‍പ്പെട്ട പാമ്പിനെ തിരികെ വനമേഖലയിലേക്ക് തന്നെ വിട്ടിട്ടുണ്ടെന്ന് നീലഗിരി ജില്ലാ ഫോറസ്റ്റ് ഓഫീസർ വ്യക്തമാക്കി.
1500 മീറ്ററിലധികം ഉയരമുള്ള പശ്ചിമഘട്ടത്തിന്റെ ഏറ്റവും ഉയര്‍ന്ന ശ്രേണികളിലാണ് വിഷമില്ലാത്ത ഇത്തരം പാമ്പുകളെ കൂടുതലായി കാണപ്പെടുന്നത്. മണ്ണ്, പാറകള്‍, ഇലകള്‍ എന്നിവയുടെ വിള്ളലുകളില്‍ വസിച്ച് ചെറുജീവികളെ മാത്രമാണ് ഭക്ഷിക്കുന്നത്. തേയിലത്തോട്ടങ്ങളിലും ഈര്‍പ്പമുള്ള പ്രദേശങ്ങളിലും ഇത്തരം പാമ്പുകളെ കാണാറുണ്ട്.