'രാജ്ഭവനിലെ വാർത്തസമ്മേളനം അസാധാരണം'; ഗവർണർക്ക് മറുപടിയുമായി മുഖ്യമന്ത്രി
cm and governor

തിരുവനന്തപുരം: രാജ്ഭവനിൽ ഗവർണർ നടത്തിയ വാർത്തസമ്മേളനം അസാധാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർക്ക് വിയോജിപ്പ് ഉണ്ടെങ്കിൽ അറിയിക്കാം. അതിനു പകരം പരസ്യ നിലപാട് എടുത്തത് ശരിയായില്ലെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.

മന്ത്രിസഭയുടെ ഉപദേശം അനുസരിച്ച് മാത്രമേ ഗവർണർക്ക് പ്രർത്തിക്കാവൂ. മന്ത്രിസഭയുടെ തീരുമാനം നിരസിക്കാൻ ഗവർണർക്ക് അധികാരമില്ല. ഗവർണർ പരസ്യ നിലപാട് എടുത്തത് കൊണ്ടാണ് മറുപടി പറയേണ്ടി വരുന്നത്. കേന്ദ്രത്തിന്‍റെ ഏജന്‍റ് പോലെ പല സ്ഥലത്തും ഗവർണർ പെരുമാറുകയാണ്.

ഗവർണർ ആർ.എസ്.എസിനെ വാരിക്കോരി പ്രശംസിച്ചു. ആർ.എസ്.എസ് പിന്തുണയുള്ളയാൾ എന്ന് ഊറ്റംകൊള്ളുന്നു. ഇത് ശരിയാണോയെന്ന് ഗവർണർ വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സി.എ.എ നിയമത്തിന് അനുകൂലമായി ഗവർണർ സംസാരിച്ചു. ചരിത്ര കോൺഗ്രസിലെ പ്രതിഷേധത്തെ മുഖ്യമന്ത്രി ന്യായീകരിച്ചു. പരിപാടിയിൽ ഗവർണർ ചരിത്ര വിരുദ്ധ പരാമർശങ്ങൾ നടത്തി. അപ്പോഴാണ് പ്രതിഷേധം ഉയർന്നത്. ഇർഫാൻ ഹബീബ് ലോകം ആദരിക്കുന്ന ചരിത്രകാരനാണ്. അദ്ദേഹത്തെയാണ് ഗവർണർ ഗുണ്ടയെന്ന് വിളിച്ചത്. 91 വയസ്സുള്ളയാൾ വധിക്കാൻ ശ്രമിച്ചെന്ന് പറയുന്നു.

വർഷങ്ങളായി ആർ.എസ്.എസിനെതിരെ പോരാടുന്നയാളാണ് ഇർഫാൻ ഹബീബ്. കണ്ണൂർ വി.സിയെ വെറുക്കപ്പെട്ടവൻ എന്ന് വളിച്ചു. ഇർഫാൻ ഹബീബും ഗോപിനാഥ് രവീന്ദ്രനും ആർ.എസ്.എസുകാരുടെ വെറുക്കപ്പെട്ടവരുടെ പട്ടികയിലാണ്. രാജ്ഭവനെ രാഷ്ട്രീയ ഉപജാപക കേന്ദ്രമാക്കുന്നുവെന്ന ആക്ഷേപം ഉയരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

Share this story