ഗുണനിലവാരമുള്ള ചികിത്സ സര്‍ക്കാരിന്റെ ലക്ഷ്യം : മന്ത്രി വീണ ജോര്‍ജ്

google news
സംസ്ഥാനത്തിന് 14.25 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായി:ആരോഗ്യ മന്ത്രി വീണ ജോര്‍ജ്

കൊല്ലം : എല്ലാവര്‍ക്കും ഗുണ നിലവാരമുള്ള ചികിത്സ ഒരുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം ബീച്ച് ഹോട്ടലില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ആരോഗ്യ സ്ഥാപനങ്ങളില്‍ രോഗീസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കണം. 

ക്ഷയം, കുഷ്ഠം ഉള്‍പ്പടെയുള്ള പകര്‍ച്ച വ്യാധികളെ 2025ഓട് കൂടി സംസ്ഥാനത്ത് നിന്ന് തുടച്ചു നീക്കും. 30 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും കൃത്യമായ ഇടവേളകളില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ജീവിതശൈലി പരിശോധന നടത്തും. ഇതിനായി ജനകീയ ക്യാമ്പയിന്‍ സംഘടിപ്പിക്കും. സംസ്ഥാനത്തൊട്ടാകെ ആധുനിക ലാബ് നെറ്റ്‌വര്‍ക്ക് നടപ്പിലാക്കും. മുഴുവന്‍ ആശുപത്രികളെയും ഇ-ഹെല്‍ത്ത് വഴി ബന്ധിപ്പിക്കുന്ന പദ്ധതി പുരോഗമിക്കുകയാണ്. ഓരോ ജില്ലകളിലും ക്യാന്‍സര്‍ കെയര്‍ പ്രോഗ്രാം ആരംഭിക്കും.

പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ നഴ്‌സിങ് കോളേജ് ആരംഭിക്കും. ഇവിടെ പി.ജി കോഴ്സുകള്‍ അനുവദിക്കുന്ന നടപടികള്‍ അവസാന ഘട്ടത്തിലാണ്. ജില്ലയില്‍ 38 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തി. ശേഷിക്കുന്ന 25 എണ്ണം ഉടന്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുമെന്നും മന്ത്രി അറിയിച്ചു.
ജില്ലയില്‍ പേരയം, തൃക്കരുവ പി.എച്ച്.സികളെയാണ് കുടുബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയത്. 

ഇ-സഞ്ജീവിനി ടെലിമെഡിസിന്റെ ഭാഗമായി ജില്ലയില്‍ നടപ്പിലാക്കുന്ന ഹബ്ബ് ആന്‍ഡ് സ്‌പോക്ക് മാതൃകയുടെ ഭാഗമായി ഹബ്ബ് ആയി സജ്ജമാക്കിയ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ ഇ-സഞ്ജീവിനി ഡോക്ടര്‍-ടു ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്റെ ഉദ്ഘാടനവും മന്ത്രി വീണ ജോര്‍ജ് നിര്‍വഹിച്ചു.

നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് കായകല്‍പ്, കേരള അക്രെഡിറ്റേഷന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ഫോര്‍ ഹോസ്പിറ്റല്‍സ് അവാര്‍ഡുകള്‍ നേടിയ ആരോഗ്യ സ്ഥാപനങ്ങള്‍ക്കുള്ള പുരസ്‌കാര വിതരണം ധനകാര്യവകുപ്പ് മന്ത്രി കെ. എന്‍ ബാലഗോപാല്‍ നിര്‍വഹിച്ചു. തദ്ദേശ ആരോഗ്യ മേഖലകളിലാണ് സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധചെലുത്തുന്നതെന്ന് മന്ത്രി അറിയിച്ചു.  മേയര്‍ പ്രസന്ന ഏണസ്റ്റ് അധ്യക്ഷയായി.

എം. നൗഷാദ് എം.എല്‍.എ, പി.സി. വിഷ്ണുനാഥ് എം.എല്‍.എ, ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയല്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്ദു മോഹന്‍, കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ യു. പവിത്ര, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ദേവ് കിരണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags