സംസ്ഥാനത്തെ പ്രീപ്രൈമറി സ്‌കൂളുകള്‍ രാജ്യാന്തര നിലവാരത്തിലാക്കും: മന്ത്രി വി.ശിവന്‍കുട്ടി

google news
shivankutty

കൊല്ലം :  സംസ്ഥാനത്തെ എല്ലാ പ്രീപ്രൈമറി സ്‌കൂളുകളും രാജ്യാന്തര നിലവാരത്തിലാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ഓച്ചിറ  വലിയകുളങ്ങര സര്‍ക്കാര്‍ എല്‍.പി.സ്‌കൂളില്‍ സമഗ്രശിക്ഷ കേരള സ്റ്റാര്‍സ് ഫണ്ട് ഉപയോഗിച്ചു നവീകരിച്ച ഇന്റര്‍നാഷണല്‍ മോഡല്‍ പ്രീ സ്‌കൂള്‍ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഈ വര്‍ഷം 44 കോടി രൂപ സ്‌കൂളുകളെ രാജ്യാന്തര നിലവാരത്തിലാക്കുന്നതിന് ചിലവഴിക്കും. കുട്ടികള്‍ക്ക് സ്‌കൂളുകള്‍ സന്തോഷം നല്‍കുന്ന കേന്ദ്രങ്ങള്‍ ആകണം. വിനോദവും കലയും ശാസ്ത്രവും ഒന്നിക്കുന്നത് ആകണം സ്‌കൂളുകള്‍. അടിച്ചേല്‍പ്പിക്കുന്ന പഠനപ്രവര്‍ത്തനങ്ങള്‍ സ്‌കൂളുകളില്‍ ഉണ്ടാകരുതെന്നും    മന്ത്രി ഓര്‍മിപ്പിച്ചു.

സി.ആര്‍. മഹേഷ് എം.എല്‍.എ അധ്യക്ഷനായി. ശാസ്ത്രഇടത്തിന്റെ ഉദ്ഘാടനം എ. എം.ആരിഫ് എം.പി നിര്‍വ്വഹിച്ചു. ഓച്ചിറ പഞ്ചായത്ത് പ്രസിഡന്റ് ബി.ശ്രീദേവി, ഡി.പി.സി ജി.കെ.ഹരികുമാര്‍, പ്രഥമാധ്യാപിക ജെ.ജയലക്ഷ്മി, മുന്‍ എം.എല്‍.എ ആര്‍.രാമചന്ദ്രന്‍, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് അംഗം ഗേളി ഷണ്‍മുഖന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 അധ്യാപകന്‍ പഠിപ്പിക്കുന്നില്ലന്നും ക്ലാസ്സില്‍ നന്നായി പെരുമാറില്ലെന്നും കാണിച്ച്   ഉദ്ഘാടന സമ്മേളനത്തിനിടെ ലഭിച്ച  പരാതി   പരിശോധിച്ച മന്ത്രി ഉടന്‍ തന്നെ,  അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഉദ്യോഗസ്ഥരേ ചുമതപ്പെടുത്തി. വിദ്യാര്‍ഥികളുടെ പരാതികള്‍ സര്‍ക്കാര്‍ ഗൗരവമായി കാണുമെന്നും പരിശോധിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Tags