പി സി ജോര്‍ജിന്‍റെ ജാമ്യം റദ്ദാക്കാന്‍ പൊലീസ് : കോടതിയില്‍ അപേക്ഷ നല്‍കി

google news
PC George

കൊച്ചി: മതവിദ്വേഷ കേസിൽ പി സി ജോർജിന്‍റെ   ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ കോടതിയെ സമീപിച്ചു. പ്രോസിക്യൂഷനെ കേൾക്കാൻ കോടതി തയ്യാറായില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. സർക്കാർ അഭിഭാഷകൻ ഹാജരായില്ല എന്ന ജാമ്യ ഉത്തരവിലെ വാദം ശരിയല്ലെന്നും ഹർജിയിൽ പറയുന്നു. ജാമ്യം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി സർക്കുലർ പാലിക്കപ്പെട്ടില്ല. പി സി ജോർജ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചു എന്നും ഹർജിയിൽ പറയുന്നു. സർക്കാരിന്‍റെ അപേക്ഷ ഫയലിൽ സ്വീകരിച്ച തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി, കേസ് അടുത്ത ബുധനാഴ്ച പരിഗണിക്കും. 

മതവിദ്വേഷ പ്രസംഗം നടത്തിയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത പി സി ജോർജിന് മണിക്കൂറുകള്‍ക്കുള്ളിൽ ജാമ്യം ലഭിച്ചത് പൊലീസിന് വൻ തിരിച്ചടിയായിരുന്നു. സർക്കാർ വാദം കേൾക്കാതെയാണ് ജാമ്യം അനുവദിച്ചതെന്നാണ് പൊലീസിന്‍റെ വാദം. എന്നാൽ പൊലീസ് വാദങ്ങള്‍ തള്ളിക്കളയുന്നതായിരുന്നു ജാമ്യ ഉത്തരവ്. മൂന്ന് വർ‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ജോർജിനെതിരെ ചുമത്തിയിരിക്കുന്നത്. മുൻ ജനപ്രതിനിധിയായ ജോർജിന് ആരോഗ്യപ്രശ്നങ്ങളുണ്ട്. അതിനാൽ ഉപാധികളോടെ ജാമ്യം അനുവദിക്കുന്നവെന്നാണ് ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. 

മുൻ കോടതിവിധികള്‍ അനസരിച്ച് പ്രോസിക്യൂഷൻ അഭിപ്രായം കേള്‍ക്കാതെ ജാമ്യം അനുവദിക്കാനാവുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. 50000 രൂപയുടെ ബോണ്ടിൽ ഉപാധികളോടെയാണ് ജാമ്യം. ജോർജിനെതിരായ കേസിന്‍റെ അന്വേഷണം ഫോർട്ട് അസി.കമ്മീഷണർക്ക് കൈമാറി. ഫോർട്ട് സ്റ്റേഷൻ എസ്എച്ച്ഒ ആയിരുന്നു മുൻ അന്വേഷണ ഉദ്യോഗസ്ഥൻ. 

Tags