മഴക്കായ്ക്ക് നേരിയ ശമനം : പെരിയാറിൽ ആശ്വാസ പുഴയിറക്കം
periyar

ആലുവ : മഴയുടെ ശക്തി കുറഞ്ഞതോടെ പെരിയാറിൽ ആശ്വാസ പുഴയിറക്കം. ചൊവ്വാഴ്ചയിലെ ജലനിരപ്പിൽനിന്ന് വലിയതോതിൽ വെള്ളം ബുധനാഴ്ച ഇറങ്ങിയിരുന്നു. മുകളിൽനിന്നുള്ള നീരൊഴുക്ക് കുറഞ്ഞതോടെ ചൊവ്വാഴ്ച രാത്രിതന്നെ തീരങ്ങളിൽനിന്ന് വെള്ളമിറങ്ങിത്തുടങ്ങിയിരുന്നു. ചൊവ്വാഴ്ച രാവിലെ 7.30ഓടെ മണപ്പുറം ക്ഷേത്രത്തിന്‍റെ മുകൾഭാഗം വരെ വെള്ളത്തിൽ മുങ്ങിയിരുന്നു. എന്നാൽ, രാത്രിയോടെ വെള്ളം ഇറങ്ങിത്തുടങ്ങിയത് ആശ്വാസകരമായി.

വെള്ളം കുറഞ്ഞതോടെ പുഴയിലെ ചളിയുടെ അളവിലും വലിയ കുറവുണ്ടായിട്ടുണ്ട്. തിങ്കളാഴ്ച രാത്രി ചളിയുടെ അളവ് 250 എൻ.ടി.യുവായി ഉയർന്നിരുന്നു. ഇതോടെ ജലവിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. എന്നാൽ, ബുധനാഴ്ച രാവിലെ ഇത് 30-40 എൻ.ടി.യുവായും വൈകീട്ടോടെ 25-30 എൻ.ടി.യുവായും കുറഞ്ഞു.

എൻ.ടി.യു100ൽ താഴെയായതിനാൽ ജലശുചീകരണം സാധാരണപോലെയായതായി ആലുവ ജലശുചീകരണ കേന്ദ്രം അസി.എക്‌സി.എൻജിനീയർ ജെയിൻരാജ് പറഞ്ഞു. ഇതേതുടർന്ന് കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ഏർപ്പെടുത്തിയിരുന്ന ജലവിതരണത്തിലെ നിയന്ത്രണം ഒഴിവാക്കി.വെള്ളപ്പൊക്കം മൂലം വിവിധ ഭാഗങ്ങളിൽ കൃഷി നാശമുണ്ടായി. ചൂർണിക്കര പഞ്ചായത്തിൽ ക്യാമ്പിൽ കഴിഞ്ഞിരുന്നവർ വെള്ളമിറങ്ങിയതിനെത്തുടർന്ന് വീടുകളിലേക്ക് മടങ്ങി.

Share this story