ചമ്മന്നൂരില്‍ മദ്യലഹരിയിലായ മകന്‍ തീക്കൊളുത്തിയ അമ്മ മരിച്ചു
9iuhy

പുന്നയൂര്‍ക്കുളം: ചമ്മന്നൂരില്‍ മദ്യലഹരിയിലായ മകന്‍ തീക്കൊളുത്തിയ അമ്മ മരിച്ചു. തലക്കാട്ടില്‍ വീട്ടില്‍ ശ്രീമതി(75) ആണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ മനോജിനെ വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് പോലീസ് പറയുന്നത്.

ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. മദ്യം വാങ്ങാന്‍ പണം ആവശ്യപ്പെട്ട് മനോജ് ശ്രീമതിയെ മര്‍ദിക്കുകയായിരുന്നു. ഇതേസമയം മനോജിന്റെ സഹോദരന്‍ സജിയും വീട്ടിലുണ്ടായിരുന്നു. കാഴ്ചശക്തിയില്ലാത്ത സജി മറ്റൊരു മുറിയിലായിരുന്നു. വീട്ടിലെ ടി.വി. ഉച്ചത്തില്‍ പ്രവര്‍ത്തിപ്പിച്ചാണ് മനോജ് ശ്രീമതിയെ മര്‍ദിച്ചിരുന്നത്. പണം നല്‍കില്ലെന്ന് ഉറപ്പായപ്പോള്‍ മണ്ണെണ്ണയെടുത്ത് ശ്രീമതിയുടെ ദേഹത്തൊഴിച്ച് കത്തിക്കുകയായിരുന്നു. ശബ്ദം കേട്ട് അയല്‍വാസികള്‍ മകളെ വിവരം അറിയിക്കുകയും അവര്‍ വന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയുമാണ് ഉണ്ടായത്.

നിരോധിത ലഹരി ഉത്പന്നങ്ങളുടെ വില്‍പ്പന, അടിപിടി തുടങ്ങി പലതവണ മനോജിന്റെ പേരില്‍ കേസെടുത്തിട്ടുള്ളതായി പോലീസ് പറഞ്ഞു. വിവാഹബന്ധം വേര്‍പിരിഞ്ഞ് ജീവിക്കുന്ന ഇയാള്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വിവിധ ആശുപത്രികളിലായി മാനസികപ്രശ്‌നങ്ങള്‍ക്ക് ചികിത്സതേടിയിരുന്നതായും നാട്ടുകാര്‍ പറയുന്നു.

Share this story