കരകവിഞ്ഞ് മീനച്ചിലാർ ; താഴ്ന്നപ്രദേശങ്ങളിൽ വെള്ളം കയറി
meenachil1

കോട്ടയം: മീനച്ചിലാർ കരകവിഞ്ഞതോടെ ജില്ലയുടെ താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിലായി. ചെങ്ങളം, താഴത്തങ്ങാടി, പരിപ്പ്, അയ്മനം, നട്ടാശ്ശേരി തുടങ്ങിയ മേഖല വെള്ളപ്പൊക്ക ഭീഷണിയിലാണ്.മീനച്ചിലാറിലൂടെ കിഴക്കൻ വെള്ളം എത്തിയതോടെ പ്രദേശവാസികൾ ആശങ്കയിലാണ്. അയ്മനം പഞ്ചായത്തിലെ 15, 16 വാർഡ്, താഴത്തങ്ങാടി, നട്ടാശ്ശേരി, നഗരസഭയുടെ 47ാം വാർഡിൽ പാറപ്പാടം ക്ഷേത്രം തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളാണ് വെള്ളത്തിലായത്.

അയ്മനം പഞ്ചായത്തിലെ പുല്ലാത്ര ഭാഗത്ത് 22 വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. തോടിനോട് ചേർന്നുള്ള അഞ്ച് വീടുകളിൽ വെള്ളം കയറി. പ്രദേശത്തെ റോഡുകളും മുങ്ങി. ആളുകളെ മാറ്റി പാർപ്പിക്കുന്നതിനായി കഴിഞ്ഞ ദിവസം രാത്രി ക്യാമ്പ് സജ്ജമാക്കിയിരുന്നു.

നട്ടാശ്ശേരി ഭാഗത്ത് ആറാം വാർഡിൽ വെട്ടിയ്ക്കാക്കുഴി ഭാഗം, പാറമ്പുഴ ഫോറസ്റ്റ് ഓഫിസ് റോഡ്, പൂവത്തുമാലി, ചെറുനാരകം പാലം എന്നിവിടങ്ങളിലെ റോഡിലും വീടുകളിലും വെള്ളംകയറി. മഴ ശക്തമാകുന്നതും കിഴക്കൻ വെള്ളത്തിന്‍റെ ശക്തമായ വരവും പ്രദേശവാസികളുടെ ആശങ്ക വർധിപ്പിക്കുന്നു.
 

Share this story