'തിരുവനന്തപുരം നഗരസഭയിലെ സമരനാടകത്തിന്റെ രചനയും സംവിധാനവും മനോരമ'; ആരോപണവുമായി ആനാവൂര്‍ നാഗപ്പന്‍

anavoor

മലയാള മനോരമയ്‌ക്കെതിരെ കടുത്ത ആരോപണങ്ങളുമായി സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. തിരുവനന്തപുരം നഗരസഭയിലെ സമരനാടകത്തിന്റെ രചനയും സംവിധാനവും മനോരമയാണ് നിര്‍വഹിക്കുന്നതെന്നാണ് സിപിഐഎം ജില്ലാ സെക്രട്ടറിയുടെ ആരോപണം.'നഗരസഭയ്ക് മുന്നില്‍ നടക്കുന്നത് സമരമല്ല, ഗൂണ്ടായിസമാണ്. രാവിലെ കല്ലും, കമ്പുമായി കുറച്ചാളുകള്‍ വന്ന് പൊലീസിനെ ആക്രമിക്കുന്നു, അങ്ങേയറ്റം സാമൂഹ്യവിരുദ്ധവും സ്ത്രീവിരുദ്ധവുമായ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നു, ഉച്ചയോടെ മാധ്യമങ്ങള്‍ പോകുമ്പോള്‍ പിന്നാലെ പിരിഞ്ഞ് പോകുന്നു. ഇതിന് എരിവും പുളിയും പകരുന്നതും, തിരക്കഥ മെനയുന്നതും മനോരമയാണ്', ആനാവൂര്‍ നാഗപ്പന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

മനോരമയുടെ ഊരാക്കുടുക്ക്. തിരുവനന്തപുരം നഗരസഭക്ക് മുന്നില്‍ കോണ്‍ഗ്രസും ബിജെപിയും ഇല്ലാത്ത കത്തിന്റെ പേരില്‍ നടത്തുന്ന സമരാഭാസം സിപിഐ എം ന് ഊരാക്കുടുക്ക് ആയെന്ന വിചിത്രമായ കണ്ടെത്തല്‍ നടത്തിയിരിക്കുകയാണ് മലയാള മനോരമ. പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭിക്കാത്തതും, ഗതാഗതം തടസപ്പെടുന്നതും അതിന് കാരണക്കാരായ കോണ്‍ഗ്രസ്സ് ബിജെപി സമരക്കാരല്ല , മറിച്ച് സിപിഐ എം ആണെന്ന മനോരമയുടെ കണ്ടെത്തലില്‍ നിന്ന് ഒരു കാര്യം വ്യക്തമായി, ഈ സമരനാടകത്തിന്റെ രചനയും സംവിധാനവും മനോരമയാണ് നിര്‍വഹിക്കുന്നത്.

നഗരസഭയ്ക് മുന്നില്‍ നടക്കുന്നത് സമരമല്ല , ഗൂണ്ടായിസമാണ്. രാവിലെ കല്ലും, കമ്പുമായി കുറച്ചാളുകള്‍ വന്ന് പോലീസിനെ ആക്രമിക്കുന്നു, അങ്ങേയറ്റം സാമൂഹ്യവിരുദ്ധവും സ്ത്രീവിരുദ്ധവുമായ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നു, ഉച്ചയോടെ മാധ്യമങ്ങള്‍ പോകുമ്പോ പിന്നാലെ പിരിഞ്ഞ് പോകുന്നു. ഇതിന് എരിവും പുളിയും പകരുന്നതും, തിരക്കഥ മെനയുന്നതും മനോരമയാണ്. ഇതേ മനോരമ ഏതെങ്കിലും ജനകീയ സമരം നടക്കുമ്പോള്‍ അതേകുറിച്ച് എങ്ങനെയാണ് വാര്‍ത്ത കൊടുക്കുന്നത് എന്ന് കേരളത്തിനറിയാം.

സമരം കാരണം ഉണ്ടായ കഷ്ടനഷ്ടങ്ങളുടെ ഓഡിറ്റ് റിപ്പോര്‍ട്ടും കണ്ണീര്‍ കഥകളുമായി മനോരമ കളംനിറഞ്ഞ് തുള്ളിയേനെ. ഇതിപ്പോ മനോരമ തന്നെ സ്‌പോണ്‍സര്‍ ചെയ്ത സമരനാടകം ആയതിനാല്‍ വിചിത്രമായ ഭാഷ്യങ്ങള്‍ ചമച്ച് ഗൂഢായിസത്തെയും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളെയും വെള്ളപൂശാനുള്ള ക്വട്ടെഷന്‍ പണിയാണ് മനോരമ ഏറ്റെടുത്തിരിക്കുന്നത്. ജനങ്ങള്‍ക്ക് ഇതൊക്കെ തിരിച്ചറിയാന്‍ കഴിയുന്നുണ്ടെന്ന് പത്രമുത്തശ്ശി മനസ്സിലാക്കുന്നത് നല്ലതാണ്.
 

Share this story