വടക്കെ മലബാറില്‍ ബ്രിട്ടീഷ് ഭരണകാലത്ത് ആദ്യമായി ഇംഗ്‌ളീഷ് വിദ്യാഭ്യാസം നേടിയ വനിത മാളിയേക്കല്‍ മറിയുമ്മ ഇനി ഓര്‍മ്മചിത്രം

google news
Maliekal Mariumma thalassery passed away
 

 കണ്ണൂര്‍: ബ്രിട്ടീഷ് ഭരണകാലത്ത് ഇംഗ്‌ളീഷ് വിദ്യാഭ്യാസം നേടുകയും പുരോഗമചിന്തകളുമായി ജീവിക്കുകയും ചെയ്ത തലശേരിയുടെ പ്രീയപ്പെട്ട ഇംഗ്‌ളീഷ് മറിയുമ്മ വിടപറഞ്ഞു.  സ്വന്തം സമുദായത്തിലെ   യാഥാസ്ഥിതികരെ വെല്ലുവിളിച്ച് ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ വടക്കേ മലബാറിലെ ധീരവനിതയാണ് ചരിത്രമായി മാറിയത്.  

മാളിയേക്കല്‍ തറവാട്ടിലെ കാരണവത്തി മാളിയേക്കല്‍ മറിയുമ്മ (ഇംഗ്ലീഷ് മറിയുമ്മ-97) വിയോഗം തലശേരിയുടെ സാംസ്‌കാരിക, സാമൂഹിക രംഗത്ത് തീരാനഷ്ടമായി മാറി. തലശേരി കോ-ഓപ്പറേറ്റീവ് ആശുപത്രിയില്‍ വെള്ളിയാഴ്ച വൈകിട്ട് ആറിനായിരുന്നു അന്ത്യം. 1938-43 കാലത്ത് തലശേരി സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റ് സ്‌കൂളിലെ ഏക മുസ്ലിം പെണ്‍കുട്ടിയായിരുന്നു. വിദ്യാഭ്യാസം നേടുന്നതിനിടയില്‍ നിരന്തര അധിക്ഷേപത്തിനിരയായി.

ഫിഫ്ത്ത് ഫോറത്തില്‍ പഠിക്കുമ്പോള്‍ 1943ല്‍ ആയിരുന്നു വിവാഹം. വിവാഹശേഷം ഉമ്മാമ്മ ബീഗം കുഞ്ഞാച്ചുമ്മ സ്ഥാപിച്ച മഹിളാസമാജത്തിന്റെ പ്രവര്‍ത്തനത്തില്‍ മുഴുകി. സ്ത്രീകള്‍ക്കുവേണ്ടി തയ്യല്‍ ക്ലാസുകളും സാക്ഷരതാ ക്ലാസുകളും നടത്തി. ഇടതുപക്ഷ, പുരോഗമന ആശയങ്ങളുമായി എന്നും സഹകരിച്ചു.

Maliekal Mariumma passed away

ഖിലാഫത്ത് പ്രസ്ഥാനത്തില്‍ പങ്കെടുത്ത ഒ വി അബ്ദുള്ള സീനിയറിന്റെയും മാഞ്ഞുമ്മയുടെയും മകളാണ്. ഭര്‍ത്താവ്: പരേതനായ വി ആര്‍ മാഹിനലി (റിട്ട. മിലിറ്ററി റിക്രൂട്ട്‌മെന്റ് ഓഫീസര്‍). മക്കള്‍: മാളിയേക്കല്‍ ആയിഷ, അബ്ദുള്ള (അബ്ബാസ്-ബിസിനസ്), പരേതരായ മഷൂദ്, സാറ. മരുമക്കള്‍: മമ്മൂട്ടി (പെരുമ്പാവൂര്‍), മാണിക്കോത്ത് സാഹിദ, മഹിജ, പരേതനായ ഇ കെ കാദര്‍ (പാനൂര്‍). സഹോദരങ്ങള്‍: പരേതരായ കുട്ട്യാമു, നഫീസ, മഹമ്മൂദ്, മാഹിനലി.

മാളിയേക്കല്‍ മറിയുമ്മയുടെ വിയോഗത്തില്‍  മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. തലശേരിയുടെ ചരിത്രത്തോടൊപ്പം സ്വന്തം കാല്‍പ്പാടുകള്‍ പതിപ്പിച്ചുനടന്ന വ്യക്തിയെയാണ് നഷ്ടപ്പെട്ടത്. യാഥാസ്ഥിതികരുടെ വിലക്കുകള്‍ അവഗണിച്ച് ഇംഗ്ലീഷ് വിദ്യാഭ്യാസം നേടി മറ്റുള്ളവര്‍ക്ക് വഴികാട്ടിയായിരുന്നു അവര്‍. സ്ത്രീകളുടെ ഉന്നമനത്തിനും വിദ്യാഭ്യാസ അവകാശങ്ങള്‍ക്കുംവേണ്ടി  പ്രവര്‍ത്തിക്കുകയും എന്നും പുരോഗമന മനസ് കാത്തുസൂക്ഷിക്കുകയും ചെയ്തു.  മതസാഹോദര്യത്തിന്റെ പ്രതീകമായും മാറാന്‍ അവര്‍ക്കു കഴിഞ്ഞു. മറിയുമ്മയുടെ വിയോഗ ദു:ഖത്തില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം പങ്കുചേരുന്നതായും അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Maliekal Mariumma passed away

Tags