ബിൽ അടച്ചില്ല : വൈദ്യുതി ബന്ധം വിച്ഛേദിച്ച കെഎസ്ഇബി ജീവനക്കാരന് മർദ്ദനം
KSEB employee harassed


കോഴിക്കോട്: ബിൽ അടക്കാത്തതിനെ തുടർന്ന് വൈദ്യുതി ബന്ധം വിച്ഛേദിച്ച കെഎസ്ഇബി ജീവനക്കാരനെ മർദ്ദിച്ചതായി പരാതി. പുതുപ്പാടി കെഎസ്ഇബി ജീവനക്കാരനായ രമേശനെയാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെ തുടർന്ന് വീട്ടുടമ ഓഫിസിൽ കയറി മർദ്ദിച്ചത്.

ബിൽ അടക്കാത്തതിനെ തുടർന്ന് വീട്ടിലെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. ഇതിന്റെ പ്രതികാരത്തിലാണ് വീട്ടുടമ മർദ്ദിച്ചതെന്ന് പരിക്കേറ്റ രമേശൻ പറയുന്നു. എന്നാൽ, മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചത് ചോദ്യം ചെയ്‌തപ്പോൾ ഉദ്യോഗസ്‌ഥരും ജീവനക്കാരും അപമാനിച്ചുവെന്നാണ് വീട്ടുടമയായ എലോക്കര സ്വദേശി നഹാസിന്റെ പരാതി.

ബില്ല് അടക്കാനുള്ള സമയം കഴിഞ്ഞതിനാൽ ഓൺലൈൻ വഴി പണം നൽകാൻ ഉദ്യോഗസ്‌ഥൻ ആവശ്യപ്പെട്ടതും തർക്കത്തിന് കാരണമായി. സൂപ്രണ്ടും ജീവനക്കാരും ചേർന്ന് ആക്രമിച്ചെന്നാണ് നഹാസിന്റെ പരാതി. നഹാസും രമേശനും താമരശേരി താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി.

Share this story