പെറ്റിയടിക്കാനും കുറ്റിയടിക്കാനും മാത്രമായി കേരള പോലീസിനെ അധപതിപ്പിച്ചു, പിണറായി വിജയന്‍ രാജിവെക്കണമെന്ന് കെ സുധാകരന്‍
മുഖ്യമന്ത്രിയുടെ ന്യായീകരണം ലജ്ജാവഹമെന്നും,കേരളം ലജ്ജിച്ചു മൂക്കത്തുവിരല്‍വച്ചെന്ന് കെ സുധാകരന്‍
എസ്ഡിപിഐയെയും ആര്‍എസ്എസ്‌നെയും നിയന്ത്രിക്കാന്‍ പിണറായി വിജയന് കഴിവില്ല

മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ആഭ്യന്തര മന്ത്രിയെ മാറ്റാനുള്ള ധൈര്യം സിപിഐഎം സംസ്ഥാന കമ്മിറ്റി കാണിക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു. എസ്ഡിപിഐയെയും ആര്‍എസ്എസ്‌നെയും നിയന്ത്രിക്കാന്‍ പിണറായി വിജയന് കഴിവില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ പരോക്ഷമായി വ്യക്തമാക്കിയിട്ടുണ്ടെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു.
കെ സുധാകരന്റെ വാക്കുകള്‍

എസ്ഡിപിഐയെയും ആര്‍എസ്എസ്‌നെയും നിയന്ത്രിക്കാന്‍ പിണറായി വിജയന് കഴിവില്ല എന്ന് കോടിയേരി ബാലകൃഷ്ണന്‍ പരോക്ഷമായി വ്യക്തമാക്കിയിരിക്കുന്നു. മൂന്ന് വര്‍ഷത്തിനിടെ 1065 കൊലപാതകങ്ങള്‍ നടന്നുവെന്ന് മാധ്യമങ്ങള്‍ പറയുന്നു.'
'പെറ്റിയടിക്കാനും കുറ്റിയടിക്കാനും മാത്രമായി കേരള പോലീസിനെ ഭരണകൂടം അധ:പതിപ്പിച്ചിരിക്കുന്നു. ഒരു വകുപ്പ് പോലും നേരേ ചൊവ്വേ ഭരിക്കാനറിയാത്ത മനുഷ്യനെയാണ് കോടികള്‍ മുടക്കി പരസ്യം ചെയ്ത് കഴിവുള്ളവനാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചത്. എഴുതിക്കൊടുക്കുന്ന ചോദ്യങ്ങളുമായി ചെന്ന് പഞ്ചപുച്ഛമടക്കി പിണറായി വിജയന്റെ നാടകത്തിന് കൂട്ടുനിന്ന മാധ്യമങ്ങള്‍ക്കും കേരളത്തിന്റെ ദുരവസ്ഥയില്‍ പ്രധാന പങ്ക് ഉണ്ട്.
രാഷ്ട്രീയ ധാര്‍മികതയുണ്ടെങ്കില്‍ ഇനിയും കടിച്ചു തൂങ്ങിക്കിടക്കാതെ ആഭ്യന്തര മന്ത്രി സ്ഥാനം രാജിവെക്കാന്‍ പിണറായി വിജയന്‍ തയ്യാറാകണം. അതിന് മടി കാണിച്ചാല്‍ ആഭ്യന്തര മന്ത്രിയെ മാറ്റാന്‍ ഉള്ള ധൈര്യം സിപിഎം സംസ്ഥാന കമ്മിറ്റി കാണിക്കണം. അധികാര മോഹത്തേക്കാള്‍ വലുതാണ് കേരളത്തിലെ ജനങ്ങളുടെ സുരക്ഷയും സമാധാനവും.'

Share this story