ജയ അരിക്ക് വില കുതിച്ചുയരുന്നു
jaya rice
ഓണം സീസൺ ആവുന്നതോടെ വില വീണ്ടും ഉയർന്നേക്കാം. ഒന്നര മാസം മുൻപ് 38 രൂപയ്ക്കാണ് ആന്ധ്ര ജയ അരി ജില്ലയിൽ വിറ്റിരുന്നത്.

കൊല്ലം: തെക്കൻ കേരളത്തിൽ ഏറ്റവും അധികം ആവശ്യക്കാരുള്ള ജയ അരിക്ക് വില കുതിച്ചുയരുന്നു. ഒന്നര മാസത്തിനിടെ 10 രൂപയോളമാണ് വില വർധിച്ചത്. സാധാരണ ആന്ധ്ര അരിയുടെ ലഭ്യത കുറയുന്ന ഡിസംബർ മാസത്തിലാണ് വില വർ‌ധിക്കുന്നതെങ്കിൽ ഇത്തവണ ജൂണിൽ തന്നെ വില 50 കടക്കാനിടയുണ്ടെന്ന് വ്യാപാരികൾ പറയുന്നു. ഓണം സീസൺ ആവുന്നതോടെ വില വീണ്ടും ഉയർന്നേക്കാം. ഒന്നര മാസം മുൻപ് 38 രൂപയ്ക്കാണ് ആന്ധ്ര ജയ അരി ജില്ലയിൽ വിറ്റിരുന്നത്.

ഉൽപാദനം കുറച്ചതും മില്ലുകൾക്ക് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയതും ജയ അരി വിപണിയിൽ എത്തിച്ചിരുന്ന പല മില്ലുകളുടെയും പ്രവർത്തനം നിലയ്ക്കുന്നതിനും കാരണമായി. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വരേണ്ട വിളവെടുപ്പ് വൈകിയതും അരിയുടെ ലഭ്യത കുറച്ചു. ജില്ലയിലെ പ്രധാന മാർക്കറ്റിലെ മൊത്തവ്യാപാര കടകളിൽ ദിവസങ്ങളായി വളരെ കുറച്ച് അരി മാത്രമാണ് എത്തുന്നത്. 500 ചാക്ക് അരി ആവശ്യപ്പെടുമ്പോൾ നൂറ് ചാക്ക് അരി മാത്രമാണ് ലഭിക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു. അതേ സമയം മഹാരാഷ്ട്ര, ഒഡിഷ, കർണാടക തുടങ്ങിയ സ്ഥലങ്ങളിലെ ‘ജയ’ അരി വിപണിയിൽ സുലഭമാണ്.

ആവശ്യത്തിന് അരി ലഭ്യമാകാത്തതിന് ആന്ധ്രയിലെ വൈദ്യുതി നിയന്ത്രണം മുതൽ വിളവെടുപ്പ് വൈകിയത് വരെയുള്ള കാരണങ്ങളാണ് ഇടനിലക്കാർ പറയുന്നത്. ഈസ്റ്റ് ഗോദാവരിയിൽ 1000 ഏക്കറിന് 25 ഏക്കർ എന്ന നിലയിൽ മാത്രമാണ് ഇത്തവണ ജയ അരി കൃഷി ചെയ്തത്. സബ്സിഡി കുറച്ചതോടെയാണ് മറ്റു നെല്ലിനങ്ങളിലേക്ക് കർഷകർ തിരിഞ്ഞത്.

Share this story