റിസോർട്ട് പാട്ടത്തിന് നൽകി പണം തട്ടിയെന്ന പരാതിയിൽ നടൻ ബാബുരാജിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
ActorBaburaj

കൊച്ചി : മൂന്നാറിൽ റിസോർട്ട് പാട്ടത്തിനു നൽകി പണം തട്ടിയെന്ന പരാതിയിൽ നടൻ ബാബുരാജിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. മൂന്നാർ കമ്പിലൈനിൽ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള റിസോർട്ട് പാട്ടത്തിനുനല്‍കി 40 ലക്ഷം രൂപ തട്ടിയെടുത്തെന്നു കാട്ടി കോതമംഗലം ഊന്നുകൽ സ്വദേശി എസ്.അരുൺ കുമാറിന്റെ പരാതിയിലാണ് വഞ്ചനാക്കുറ്റത്തിന് കേസ് റജിസ്റ്റർ ചെയ്തത്.

പള്ളിവാസൽ പഞ്ചായത്തിൽ റിസോർട്ട് ഇരിക്കുന്ന സ്ഥലത്തിന്റെ പട്ടയം നിയമപ്രകാരമല്ലെന്നും സ്ഥലം ഒഴിയണമെന്നും ബാബുരാജിന് ദേവികുളം ആർഡിഒ നോട്ടിസ് നൽകിയിരുന്നു. ഇക്കാര്യം മറച്ചുവച്ച് 2020 ഫെബ്രുവരിയിൽ 40 ലക്ഷം വാങ്ങി 11 മാസത്തേക്കു റിസോർട്ട് പാട്ടത്തിനു നൽകിയെന്നാണ് അരുണിന്റെ പരാതി.

1993ൽ സമ്പാദിച്ച അനധികൃതമായ വൃന്ദാവൻ പട്ടയത്തിലാണ് റിസോർട്ടെന്നു മനസ്സിലായതോടെ കരാർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടൻ തയാറായില്ലെന്നും അരുൺ പറയുന്നു. കോടതിയുടെ നിർദേശപ്രകാരമാണ് കേസ് റജിസ്റ്റർ ചെയ്തതെന്നും പലപ്രാവശ്യം വിളിപ്പിച്ചിട്ടും ബാബുരാജ് സ്റ്റേഷനിൽ ഹാജരായില്ലെന്നും പൊലീസ് പറഞ്ഞു.

അരുണിന്റെ പരാതിയിൽ കഴമ്പില്ലെന്നാണ് ബാബുരാജിന്റെ വിശദീകരണം. 2020ൽ അരുണിനെ ഏൽപിച്ച റിസോർട്ടിനു 11 മാസം വാടക ലഭിക്കാതെ വന്നതോടെ താൻ കോടതിയെ സമീപിച്ചെന്നും അരുൺ റിസോർട്ട് നടത്തുന്നതു കോടതി വിലക്കിയെന്നും ബാബുരാജ് പറയുന്നു. ഈ പരാതി ഇപ്പോഴും കോടതിയുടെ പരിഗണനയിലാണെന്നും നടനായ തന്നെ അപമാനിക്കാനും ഭീഷണിപ്പെടുത്താനുമുള്ള ശ്രമമാണെന്നും ബാബുരാജ് പറഞ്ഞു.

Share this story