സ്വപ്ന സുരേഷിനെ ഇ ഡി വീണ്ടും ചോദ്യം ചെയ്യുന്നു
swapna

രഹസ്യമൊഴിയിലെ ആരോപണങ്ങളില്‍ വ്യക്തത തേടുകയാണ് ഇ ഡിയുടെ ലക്ഷ്യം.

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ഇ ഡി വീണ്ടും ചോദ്യം ചെയ്യുന്നു.കോടതിയ്ക്ക് നല്‍കിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് ഇ ഡി സ്വപ്നയെ വീണ്ടും വിളിച്ചു വരുത്തിയത്.രഹസ്യമൊഴിയിലെ ആരോപണങ്ങളില്‍ വ്യക്തത തേടുകയാണ് ഇ ഡിയുടെ ലക്ഷ്യം.

രാവിലെ 11 മണിയോടെയാണ് സ്വപ്ന കൊച്ചിയിലെ ഇ ഡി ഓഫീസില്‍ മൊഴി നല്‍കാനെത്തിയത്.ഇതിന് തൊട്ടു മുന്‍പ് അഭിഭാഷകനുമായി സ്വപ്ന കൂടിക്കാഴ്ച നടത്തി.ഇ ഡി യ്ക്ക് നല്‍കേണ്ട മൊഴി സംബന്ധിച്ച് അഭിഭാഷകനുമായി സംസാരിച്ച് വ്യക്തത വരുത്തി. സ്വപ്നയുടെ രഹസ്യമൊഴിയിലെ ആരോപണങ്ങളില്‍ വസ്തുതയുണ്ടോ എന്നാണ് ഇ ഡി പരിശോധിക്കുന്നത്. ആരോപണങ്ങള്‍ സാധൂകരിക്കുന്ന തെളിവുകള്‍ ഉണ്ടെങ്കില്‍ ഹാജരാക്കാനും ഇ ഡി നിര്‍ദേശിച്ചിരുന്നു.

സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന സ്വപ്ന ജയിലില്‍ നിന്നിറങ്ങിയ ശേഷം പുതിയ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു.കൂടാതെ തന്റെ ജീവന് ഭീഷണിയുണ്ടന്നും രഹസ്യമൊഴി നല്‍കാന്‍ അനുമതി നല്‍കണമെന്നുമാവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. പിന്നീട് കോടതി അനുമതിയോടെ സ്വപ്ന രഹസ്യമൊഴി നല്‍കി. ഈ രഹസ്യമൊഴിയുടെ പകര്‍പ്പ് ഇ ഡി ശേഖരിച്ചിരുന്നു. ഇത് കൂടാതെ സ്വപ്ന കസ്റ്റംസിന് നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പും കോടതി അനുമതി പ്രകാരം ഇ ഡി യ്ക്ക് ലഭിച്ചിരുന്നു. ഇതെത്തുടര്‍ന്നാണ് സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യാനായി ഇ ഡി വീണ്ടും വിളിച്ചു വരുത്തിയത്.

Share this story