വൈദ്യനെ കൊലപ്പെടുത്തിയ സംഭവം ; തെളിവെടുപ്പ് ഇന്നും തുടരും
POLICE
വൈദ്യന്‍ ഷാബാ ഷെരീഫിന്റെ രക്തക്കറ കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

നിലമ്പൂരില്‍ ഒറ്റമൂലിയുടെ രഹസ്യം കൈക്കലാക്കാന്‍ വൈദ്യനെ കൊലപ്പെടുത്തിയ കേസില്‍ തെളിവെടുപ്പ് ഇന്നും തുടരും. മൃതദേഹം ചാലിയാറിലേക്ക് തള്ളിയ എടവണ്ണ പാലത്തില്‍ പ്രതികളെ എത്തിക്കും. മൈസൂര്‍ സ്വദേശിയായ വൈദ്യന്‍ ഷാബാ ഷെരീഫിന്റെ രക്തക്കറ കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
മുഖ്യ പ്രതികളില്‍ ഒരാളായ നൗഷാദിനെ നിലമ്പൂര്‍ മുക്കട്ടയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. പ്രധാനമായും നൗഷാദാണ് കേസില്‍ പ്രധാനപ്പെട്ട മൊഴി പൊലീസിനു നല്‍കിയത്. വിഡിയോ ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ ഡ്രൈവ് പൊലീസിനു കൈമാറിയതും ഇയാളാണ്.

വൈദ്യനെ താമസിപ്പിച്ച മുറിയോട് ചേര്‍ന്ന ശുചിമുറിയുടെ പിന്‍ഭാഗത്തെ പൈപ്പടക്കം മുറിച്ച് പൊലീസ് പരിശോധന നടത്തിയിരുന്നു . ഇവിടെ രക്തക്കറയുണ്ടോ എന്നതാണ് പരിശോധന. ശാസ്ത്രീയ തെളിവുകള്‍ കൂടുതല്‍ ശേഖരിക്കാനാണ് പൊലീസിന്റെ ശ്രമം. മാലിന്യങ്ങള്‍ നിക്ഷേപിച്ചിരുന്ന പലയിടങ്ങളിലും വച്ച് തെളിവുകള്‍ നശിപ്പിച്ചു എന്ന് സൂചനയുണ്ട്. ഇതൊക്കെ കുഴിച്ച് പൊലീസ് തെളിവ് ശേഖരിച്ചു.

Share this story