ഭിന്നശേഷി സംവരണം: മുസ്ലിം ടേൺ നഷ്ടം ഒഴിവാക്കാൻ പി.എസ്.സി ശിപാർശ
psc

തിരുവനന്തപുരം: ഭിന്നശേഷി സംവരണ ടേണുകൾ മറ്റു സമുദായങ്ങളുടെ സംവരണത്തെ ബാധിക്കാതിരിക്കാൻ കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവിസ് റൂൾ (കെ.എസ് ആൻഡ് എസ്.എസ്.ആർ) ഭേദഗതി ചെയ്യണമെന്ന് സർക്കാറിനോട് ആവശ്യപ്പെടാൻ പി.എസ്.സി യോഗം തീരുമാനിച്ചു. പി.എസ്.സി നിയമനം നടത്തുന്ന റൊട്ടേഷൻ ചാർട്ടിൽ ആവശ്യമായ മാറ്റം വരുത്തണമെന്നും കമീഷൻ ആവശ്യപ്പെടും. സർക്കാറിന്‍റെ തീരുമാനം വന്നതിനു ശേഷമാകും നിർദേശം അന്തിമമായി അംഗീകരിക്കുക.

നേരത്തേ സർക്കാർ ഇറക്കിയ ഉത്തരവ് പ്രകാരം 1,26,51,76 ആണ് നാല് ശതമാനം ഭിന്നശേഷി സംവരണത്തിനായി മാറ്റിയത്. ഇതിൽ 26,76 ടേണുകൾ മുസ്ലിം സംവരണമായിരുന്നു. ഭിന്നശേഷി സംവരണം നടപ്പാക്കുമ്പോൾ മുസ്ലിം വിഭാഗത്തിനു ലഭിക്കുന്ന സംവരണത്തിൽ രണ്ടു ശതമാനം കുറവു വരുന്ന സാഹചര്യമുണ്ടായി. ഈ വിഷയം 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു.

മുസ്ലിം വിഭാഗത്തിന് നിലവിലെ അവസരം നഷ്ടമാകാതിരിക്കാൻ റൊട്ടേഷൻ ചാർട്ടിൽ മാറ്റം വരുത്തി ഭിന്നശേഷി സംവരണ ടേൺ നിശ്ചയിക്കും വിധമാണ് കമീഷന്‍റെ ശിപാർശ. നിലവിൽ ഭിന്നശേഷിക്കായി നിശ്ചയിച്ച ടേണുകളിൽ മുസ്ലിം വിഭാഗത്തിന്‍റേതിൽനിന്ന് വരുന്നവ തൊട്ടടുത്ത 27, 77 ടേണുകളിലേക്ക് മാറ്റുംവിധം റൊട്ടേഷൻ പുനഃക്രമീകരിക്കണം. ഇതിനു നിയമ തടസ്സമില്ലെന്നാണ് വിലയിരുത്തൽ. ഭിന്നശേഷി വിഭാഗത്തിനുള്ള 1,51 ടേണുകൾ നിലവിൽ ഓപൺ ക്വോട്ടയിലാണ്. രണ്ടര വർഷത്തോളമായി കമീഷനും സർക്കാറും എഴുത്തുകുത്ത് തുടരുന്ന നാലു ശതമാനം ഭിന്നശേഷി സംവരണമാണ് ധാരണയിലേക്കെത്തുന്നത്.

വിഷയത്തിൽ നേരത്തേ പി.എസ്.സിയിൽനിന്ന് വന്ന നിർദേശങ്ങളോട് സർക്കാർ പ്രതികരിച്ചിരുന്നില്ല. സ്പെഷൽ റിക്രൂട്ട്മെന്‍റ് നടത്തുന്നതിനെക്കുറിച്ച് സർക്കാർ അഭിപ്രായം ചോദിക്കുകയും കമീഷൻ നൽകുകയും ചെയ്തിരുന്നു.

എന്നാൽ, അതിലും സർക്കാർ നിലപാട് അറിയിച്ചില്ല. പി.എസ്.സിയുടെ റൂൾസ് കമ്മിറ്റി വിഷയം ചർച്ചചെയ്യുകയും സ്പെഷൽ റിക്രൂട്ട്മെന്‍റ് നടത്താമെന്ന ശിപാർശ നൽകുകയും ചെയ്തു. വിവിധ തലങ്ങളിൽ ചർച്ച ചെയ്ത ശേഷമാണ് തിങ്കളാഴ്ച ചേർന്ന കമീഷൻ യോഗം സർവിസ് ചട്ടം ഭേദഗതി ചെയ്ത് റൊട്ടേഷൻ പുനഃക്രമീകരിച്ച് പ്രശ്നം പരിഹരിക്കുംവിധം ശിപാർശ നൽകാൻ തീരുമാനിച്ചത്.
 

Share this story