അയിരൂർ -ചെറുകോൽപുഴ ഹിന്ദുമത പരിഷത്ത് :ക്രമീകരണങ്ങൾ മികച്ച രീതിയിൽ പൂർത്തിയാക്കും : മന്ത്രി റോഷി അഗസ്റ്റിൻ

google news
iuyrte

വലിയ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്നതിനാൽ 111 -ാമത് അയിരൂർ -ചെറുകോൽപുഴ ഹിന്ദുമത പരിഷത്തിനുള്ള ക്രമീകരണങ്ങൾ  മികച്ച രീതിയിൽ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. അയിരൂർ -ചെറുകോൽപുഴ ഹിന്ദുമത പരിഷത്തുമായി ബന്ധപ്പെട്ട സർക്കാർതല ക്രമീകരണങ്ങൾ ചർച്ച ചെയ്യുന്നതിന്ചെറുകോൽപ്പുഴ ശ്രീ വിദ്യാധിരാജ മന്ദിരത്തിൽ നടന്ന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫെബ്രുവരി അഞ്ച് മുതൽ 12 വരെ നടത്തുന്ന ഹിന്ദുമത പരിഷത്തിനായി എത്തുന്നവർക്ക് ബുദ്ധിമുട്ടുകളുണ്ടാക്കാതെ ഇറിഗേഷൻ വകുപ്പ് പാർക്കിംഗ് സൗകര്യങ്ങൾ ഒരുക്കും. എല്ലാ വകുപ്പുകളും തിരക്ക് മനസിലാക്കി അതിന് വേണ്ട തരത്തിലുള്ള മുന്നൊരുക്കങ്ങളാണ് നടത്തുന്നത്. അയിരൂർ -ചെറുകോൽപുഴ ഹിന്ദുമത പരിഷത്ത് മികവുറ്റതാക്കാൻ അഡ്വ. പ്രമോദ് നാരായൺ എംഎൽഎയുടേയും സംഘാടകസമിതിയുടേയും നേതൃത്വത്തിൽ മികച്ച പ്രവർത്തനമാണ് നടക്കുന്നത്. വെള്ളിയാഴ്ചത്തെ യോഗത്തിലെടുത്ത തീരുമാനങ്ങൾ ശരിയായ രീതിയിൽ നടപ്പിലാക്കിയോയെന്ന് പരിശോധിക്കുന്നതിന് എംഎൽഎയുടെ നേതൃത്വത്തിൽ വരുംദിവസങ്ങളിൽ അവലോകനയോഗം നടത്തുമെന്നും ആവശ്യമായ പ്രാഥമിക ഒരുക്കങ്ങൾ ചർച്ച ചെയ്തുവെന്നും മന്ത്രി പറഞ്ഞു.

ഒരു നാടിന്റെ സംസ്‌കാരത്തെ വിളിച്ചോതുന്ന തരത്തിലുള്ള വലിയ സംഗമമാണ് അയിരൂർ- ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തെന്ന് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ പറഞ്ഞു. മുഴുവൻ വകുപ്പുകളുടേയും ഏകോപനത്തിൽ ശബരിമലയിലെ തീർഥാടനം കുറ്റമറ്റ രീതിയിൽ പൂർത്തിയാക്കാൻ സാധിച്ചു. അത്തരത്തിൽ തന്നെ അയിരൂർ- ചെറുകോൽപ്പുഴ ഹിന്ദുമത കൺവൻഷനും പൂർത്തീകരിക്കും. സംഘാടക മികവിൽ യാതൊരു പിഴവുകളുമില്ലാതെ ഇത് പൂർത്തിയാക്കുമെന്നും മികച്ച മേൽനോട്ടത്തിനായി കോ-ഓർഡിനേഷൻ കമ്മറ്റി രൂപീകരിക്കുമെന്നും എംഎൽഎ പറഞ്ഞു.

അയിരൂർ- ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് മികച്ച രീതിയിൽ പൂർത്തിയാക്കുന്നതിനുള്ള പ്രാഥമിക ചർച്ച കാര്യക്ഷമമായി നടത്തിയെന്നും തീരുമാനങ്ങൾ മികച്ച രീതിയിൽ പ്രായോഗികമാക്കണമെന്നും ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ പറഞ്ഞു. ഈ മാസം മുപ്പതിന് മുൻപ് എല്ലാ പ്രവർത്തികളും പൂർത്തീകരിച്ച് ഹിന്ദുമത പരിഷത്തിനായി പ്രദേശം ഒരുങ്ങുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.

അയിരൂർ- ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന് മുൻപ് പമ്പാനദിയുടെ സംരക്ഷണം, ലഹരി വസ്തുക്കളുടെ ഉപയോഗം തടയുന്നതിനുള്ള അവബോധം സൃഷ്ടിക്കൽ എന്നിവ ലക്ഷ്യമിട്ട് സ്‌കൂൾ വിദ്യാർഥികളേയും ഉൾപ്പെടുത്തി മാരത്തൺ സംഘടിപ്പിക്കും. ആറന്മുള അമ്പലത്തിൽ നിന്ന് ദീപം ഏറ്റുവാങ്ങി കോഴഞ്ചേരി വണ്ടിപ്പേട്ടയിൽ നിന്ന് ആരംഭിച്ച് ചെറുകോൽപ്പുഴയിൽ എത്തിച്ചേരും.

കൺവൻഷന് തടസമുണ്ടാകാത്ത രീതിയിൽ പമ്പയിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കും.  പരിഷത്ത് നഗറിലെ താൽക്കാലിക പാലത്തിന്റെ സുരക്ഷ പരിശോധിച്ച് ഉറപ്പ് വരുത്തും. പരിഷത്ത് നഗറിന്റെ പരിസരത്തുള്ള കാടും പടർപ്പുകളും മൺപുറ്റുകളും ഉടനടി മേജർ ഇറിഗേഷൻ നീക്കം ചെയ്യും. പരിഷത്ത് നഗറിലേക്കുള്ളത് ഉൾപ്പെടെയുള്ള എല്ലാ റോഡുകളും പരിശോധിച്ച് ആവശ്യമായ അറ്റകുറ്റപ്പണികൾ പൊതുമരാമത്ത് നിരത്ത് വിഭാഗം നടത്തും.

പരിഷത്തിന് എത്തുന്നവരുടെ സൗകര്യാർഥം കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും. അയിരൂർ- ചെറുകോൽപ്പുഴയിലും സമീപപ്രദേശങ്ങളിലും വൈദ്യുതി വിതരണം കെഎസ്ഇബി ഉറപ്പാക്കും. പ്രവർത്തനരഹിതമായ വഴിവിളക്കുകൾ ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ പ്രവർത്തിപ്പിക്കാനുള്ള നടപടികൾ കെഎസ്ഇബി സ്വീകരിക്കും.  വാട്ടർ അതോറിറ്റി കൺവൻഷൻ സ്ഥലത്തും ആവശ്യമായ എല്ലാ ക്രമീകരണങ്ങളും മുൻവർഷങ്ങളിലേത് പോലെ ഏർപ്പെടുത്തും. ഡിസ്പെൻസറുകളുടേയും ടാപ്പുകളുടേയും എണ്ണം കഴിഞ്ഞ വർഷങ്ങളിലേതിനേക്കാൾ വർധിപ്പിക്കും. രണ്ട് ആർ.ഒ യൂണിറ്റുകളും അഞ്ച് വാട്ടർ കിയോസ്‌ക്കുകളും പരിഷത്ത് നഗറിൽ സ്ഥാപിക്കും.
പരിഷത്ത് നഗറിൽ ആരോഗ്യവകുപ്പ് പ്രഥമശുശ്രൂഷയ്ക്കുള്ള മെഡിക്കൽ ടീമിനെ സജ്ജമാക്കും. നഗറിൽ താത്കാലിക ഡിസ്പെൻസറിയും ആംബുലൻസ് സൗകര്യവും ക്രമീകരിക്കും. പരിഷത്ത് നഗറിൽ അണുനശീകരണവും ശുചീകരണ പ്രവർത്തനവും ഫോഗിംഗും കുറ്റമറ്റ രീതിയിൽ നടപ്പാക്കും.  പരിഷത്ത് ആരംഭിക്കുന്നതിന് മുൻപ് ഹോട്ടലുകളിൽ പരിശോധന നടത്തും.

പരിഷത്ത് നഗറിലെ പാർക്കിംഗ്, ക്രമസമാധാനപാലനം, ഗതാഗത നിയന്ത്രണം, എന്നിവ പോലീസ് നിർവഹിക്കും. ഒരു ഡിവൈഎസ്പിയും, രണ്ട് സിഐ മാരുമടങ്ങുന്ന 150 പോലീസ് ഉദ്യോഗസ്ഥരെ പരിഷത്ത് നഗറിൽ വിന്യസിക്കും. പോലീസ് കൺട്രോൾ റൂം പരിഷത്ത് നഗറിൽ ആരംഭിക്കും. പരിഷത്ത് നഗറിലും പരിസരപ്രദേശങ്ങളിലും വ്യാജമദ്യ വിൽപന, നിരോധിത ലഹരിവസ്തുക്കളുടെ ഉപയോഗം എന്നിവ തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കും. അയിരൂർ, ചെറുകോൽ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങളും തെരുവ് വിളക്കുകൾ ക്രമീകരിക്കുന്നതിനുള്ള നടപടികളും അടിയന്തിരമായി പൂർത്തിയാക്കും.

റോഡിന്റെ വശങ്ങളിലുള്ള അനധികൃത കച്ചവടം ഒഴിപ്പിക്കും. പരിഷത്ത് കാലയളവിൽ യാചക നിരോധനം ഏർപ്പെടുത്തും. താത്കാലിക ശുചിമുറികൾ സ്ഥാപിക്കും. കൃത്യമായ ഇടവേളകളിൽ അണുനശീകരണം നടത്തും. പരിഷത്തിനോട് അനുബന്ധിച്ച് പമ്പാ നദിയിൽ ഉണ്ടാകുന്ന മാലിന്യം നിർമാർജനം ചെയ്യുന്നതിനുള്ള നടപടികൾ മലിനീകരണ നിയന്ത്രണ ബോർഡ് സ്വീകരിക്കും. പൊതുമരാമത്ത് കെട്ടിട വിഭാഗം, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് എന്നീ വകുപ്പുകൾ പന്തൽ, വൈദ്യുതി, എന്നിവയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ പരിശോധിച്ച് ആവശ്യമായ അനുമതി നൽകും. പരിഷത്തിന്റെ സുഗമമായ നടത്തിപ്പിന് വിവിധ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി ദുരന്തനിവാരണവിഭാഗം ഡെപ്യുട്ടി കളക്ടർ ടി.ജി. ഗോപകുമാറിനെ ചുമതലപ്പെടുത്തി.

ജില്ലാ പഞ്ചായത്ത് മെമ്പർ ജോർജ് എബ്രഹാം, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ ജോസഫ്, ചെറുകോൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. സന്തോഷ്, ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായർ, സെക്രട്ടറി എ.ആർ. വിക്രമൻ പിള്ള, വൈസ് പ്രസിഡന്റുമാരായ മാലേത്ത് സരളാദേവി, അഡ്വ. കെ.ഹരിദാസ്, ജോ. സെക്രട്ടറിമാരായ അഡ്വ. ഡി. രാജഗോപാൽ, അനിരാജ് ഐക്കര, ട്രഷറർ സോമനാഥൻ നായർ, ജനപ്രതിനിധികൾ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Tags