ലഹരിയുപയോഗം: 'വട്ടുഗുളിക'കള്‍ വിപണിയില്‍ വിലസുന്നു

drug

തൃശൂര്‍: സര്‍വത്ര ലഹരിയുടെ ഉപയോഗം കൂടുന്നതോടെ അതിക്രമങ്ങളും വര്‍ധിക്കുന്നു. സ്ത്രീകള്‍ക്ക് എതിരായ ഉപദ്രവങ്ങളും അടിപിടികേസുകളും വര്‍ധിക്കുന്നതിനുള്ള കാരണമായി ലഹരിവ്യാപനത്തെയാണ് പോലീസ് ചൂണ്ടിക്കാട്ടുന്നത്. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വന്‍തോതില്‍ ലഹരി ഉപയോഗം കൂടുന്നത് ആശങ്കയുണര്‍ത്തുന്നു. ചെറിയ പ്രകോപനങ്ങള്‍ക്കുപോലും വലുതായി പ്രതികരിക്കുന്ന അവസ്ഥയാണ് ഇത്തരക്കാരിലുള്ളത്. എക്‌സൈസ്, പോലീസ് എന്നിവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

പുകവലി ശീലത്തില്‍നിന്ന് പലരും പതുക്കെ ഉള്‍വലിയുമ്പോള്‍ ലഹരിയിലേക്കാഴ്ന്നു ചെല്ലുകയാണ്. കഞ്ചാവ്, നിരോധിത മയക്കുമരുന്നുകള്‍, ലഹരിയുള്ള പാന്‍മസാല തുടങ്ങിയവ സ്ഥിരമായി ഇതരസംസ്ഥാന തൊഴിലാളികള്‍ക്കു വില്‍പ്പന നടത്തുന്ന സംഘങ്ങളുണ്ട്. ഇവരെ പിടികൂടാന്‍ പലപ്പോഴും കഴിയുന്നില്ല. 

അതിഥി തൊഴിലാളികള്‍ക്കിടയില്‍ കഞ്ചാവു മാഫിയയുടെ ഏജന്റുമാരുണ്ട്. ഇവരാണ് ഇരകളെ കൂടുതലായ ആകര്‍ഷിക്കുന്നത്. പിന്നീട് മയക്കുമരുന്ന് കച്ചവടത്തിനും ഇവരെ കരുക്കളാക്കുന്നു. അയല്‍സംസ്ഥാനങ്ങളില്‍ നിന്നടക്കം മയക്കുമരുന്ന് എത്തിക്കാന്‍ വിപുലശൃംഖലയാണ് പ്രവര്‍ത്തിക്കുന്നത്. ഇടയ്ക്കിടെ സംഘം അവരുടെ നാട്ടിലേക്കു പോകുന്നു. പിന്നീട് കഞ്ചാവും ഇതര മയക്കുമരുന്നുകളുമായി തിരിച്ചെത്തുന്നു. പലപ്പോഴും കൃത്രിമക്ഷാമമുണ്ടാക്കി ലഹരിക്ക് വില കൂട്ടുകയും ചെയ്യും. നാവില്‍ ഒട്ടിക്കുന്ന എല്‍.എസ്.ഡി. സ്റ്റാമ്പുകള്‍, ഗുളികകള്‍, ലഹരിചേര്‍ത്ത കഷായങ്ങള്‍ എന്നിവയും സുലഭമാണ്. വട്ടുഗുളിക എന്ന പേരില്‍ അറിയപ്പെടുന്ന ഡയസിപാം ചേര്‍ത്ത ഗുളികകളും വില്‍ക്കുന്നു. ഇത്തരം ഗുളികകള്‍ ഉപയോഗിക്കാന്‍ എളുപ്പമാണെന്നതിനാല്‍ ഡിമാന്റ് കൂടുതലുണ്ട്. ബസ് ഡ്രൈവര്‍മാരില്‍ പലരും ഇത്തരം വട്ടുഗുളികളുടെ അടിമകളാണ്. 

കഞ്ചാവിനാണ് ഏറെ പ്രിയം. ഇടുക്കിയില്‍ നിന്നുള്ള നീലച്ചടയന്‍ കഞ്ചാവിന് വിലയും ഗുണവുമേറും. ഒറ്റ പുകയെടുത്താല്‍ പോലും ലഹരിയിലേക്കു നൂഴ്ന്നിറങ്ങുന്ന അവസ്ഥയാണത്രെ. കൈവശം പണത്തിനു ബുദ്ധിമുട്ടു വരുമ്പോള്‍ പലരും ചെറിയ മോഷണത്തിലേക്കു കടക്കുന്നു. ആളില്ലാത്ത വീടുകളില്‍ കയറി തേങ്ങ ഉള്‍പ്പെടെ മോഷ്ടിക്കുന്നതും പതിവാണ്. പട്ടിക്കാട് ഒഴിഞ്ഞുകിടക്കുന്ന വീടുകളില്‍ നിന്നു സ്ഥിരമായി തേങ്ങ മോഷ്ടിക്കുന്ന സംഘത്തെ കുറിച്ച് പരാതിയുണ്ട്. പെട്ടി ഓട്ടോറിക്ഷയില്‍ എത്തി കരാര്‍ ഏറ്റെടുത്തിരിക്കുകയാണെന്ന് പറഞ്ഞാണ് മോഷണം. ഇവരെ പിടികൂടാന്‍ പ്രാദേശികമായി വല വിരിച്ചിട്ടുണ്ട്. ഇവരില്‍ ചിലര്‍ ലഹരിസംഘത്തില്‍ പെട്ടവരാണെന്ന് സംശയിക്കുന്നു. മോഷണകേസുകള്‍ വര്‍ധിക്കുന്നതു സംബന്ധിച്ച് നടത്തിയ പ്രാഥമിക പരിശോധനയില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് വലിയ പങ്കുണ്ടെന്നു കണ്ടെത്തിയിരുന്നു. 

തൊഴിലാളികള്‍ക്കിടയില്‍ ലഹരിബോധവല്‍ക്കരണത്തിനു കവച് എന്ന പേരില്‍ തൊഴില്‍വകുപ്പ് കാമ്പയിന്‍ നടത്തിയിരുന്നു. ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഇടയില്‍ നിന്നു വോളണ്ടിയര്‍മാരെ കണ്ടെത്തി മറ്റുള്ളവരെ ബോധവല്‍ക്കരിക്കാനാണ് അധികൃതരുടെ ശ്രമം. ഇത് എത്രമാത്രം വിജയിക്കുമെന്നു കണ്ടറിയണം. 
 

Share this story