എം ഡി എം എയും കഞ്ചാവുമായി മൂന്നുപേര്‍ മാഹി പോലീസിന്റെ പിടിയിൽ
jhgfdhgfcv

മയ്യഴി: മയക്കുമരുന്നായ എം.ഡി.എം.എ.യും കഞ്ചാവുമായി മൂന്നുപേര്‍ മാഹി പോലീസിന്റെ പിടിയിലായി. 380 ഗ്രാം എം.ഡി.എം.എ.യും 20 ഗ്രാം കഞ്ചാവുമായി മാഹി നാലുതറ കോയ്യോട്ടുതെരുവിലെ മസീദാസില്‍ പി.കെ. മുഹമ്മദ് മസീദ് (27), തലശ്ശേരി ജൂബിലി റോഡില്‍ അല്‍ ഫജറില്‍ എം. അല്‍ത്താഫ് (41) എന്നിവരാണ് അറസ്റ്റിലായത്. പന്തക്കല്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ പി.പി. ജയരാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.

ഇടയില്‍പീടിക പ്രിയദര്‍ശിനി ബസ് കാത്തിരിപ്പുകേന്ദ്രത്തിന് സമീപം രണ്ട് യുവാക്കള്‍ ചുറ്റിത്തിരിയുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു അന്വേഷണം. ഇവരുടെ അറസ്റ്റിനെ തുടര്‍ന്ന് സി.ഐ. എ. ശേഖറിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് മംഗളൂരുവിലെ ഇവരുടെ രഹസ്യവില്പനകേന്ദ്രത്തെക്കുറിച്ച് വിവരം ലഭിച്ചത്. കങ്കനാടിയിലെ വലന്‍സിയയില്‍വെച്ചാണ് തളിപ്പറമ്പ് പന്നിയൂരിലെ കക്കോട്ടകത്ത മുഹമ്മദ് ഫര്‍ദീന്‍ (21) പിടിയിലായത്.

മൂന്ന് പ്രതികളെയും പള്ളൂര്‍ പോലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തതായി മാഹി പോലീസ് സൂപ്രണ്ട് രാജശങ്കര്‍ വെള്ളാട്ട് പത്രസമ്മേളനത്തില്‍ അറിയിച്ചു.

സി.ഐ. എ. ശേഖര്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ പി.പി. ജയരാജ്, പി. അജയകുമാര്‍, അസി. സബ് ഇന്‍സ്‌പെക്ടര്‍മാരായ എ.വി. മനോജ് കുമാര്‍, വി. മഹേഷ്, കെ. കിഷോര്‍ കുമാര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Share this story