മസാലക്കൂട്ട് അരയ്ക്കുന്ന യന്ത്രത്തില്‍ കുടുങ്ങി 19 കാരന് ദാരുണാന്ത്യം
മസാല ഇളക്കുന്നതിനിടെ ഷര്‍ട്ട് യന്ത്രത്തില്‍ കുടുങ്ങിയതിന് പിന്നാലെയാണ് യുവാവ് യന്ത്രത്തിലേക്ക് വീണത്.
ചൈനീസ് ഭേല്‍ തയ്യാറാക്കുന്നതിനുള്ള മസാലക്കൂട്ട് ഒരുക്കുന്നതിനിടെ ഗ്രൈന്‍ഡറിനുള്ളില്‍ കുടുങ്ങി 19കാരന് ദാരുണാന്ത്യം. ജാര്‍ഖണ്ഡ് സ്വദേശിയായ സൂരജ് നാരായണ്‍ യാദവ് ആണ് മസാലക്കൂട്ട് അരയ്ക്കുന്ന യന്ത്രത്തില്‍ കുടുങ്ങി മരിച്ചത്. മസാല ഇളക്കുന്നതിനിടെ ഷര്‍ട്ട് യന്ത്രത്തില്‍ കുടുങ്ങിയതിന് പിന്നാലെയാണ് യുവാവ് യന്ത്രത്തിലേക്ക് വീണത്.
സച്ചിന്‍ കോതേക്കര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഒരു ഫുഡ് സ്റ്റാളില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇയാള്‍ ജോലി ചെയ്ത് വരികയായിരുന്നു. അപകടത്തിന്റെ ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
മസാല തയ്യാറാക്കാനുള്ള ശ്രമത്തിനിടെ ഗ്രൈന്‍ഡറിലേക്ക് തലകുത്തി വീഴുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
സുരക്ഷാ ഉപകരണങ്ങളൊന്നും കൂടാതെ വെറും കൈ ഉപയോഗിച്ചാണ് യുവാവ് മസാല ഇളക്കുന്നത്.
സംഭവത്തില്‍ സ്ഥാപന ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ജീവനക്കാര്‍ക്ക് ഇത്തരം യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള വേണ്ട രീതിയിലുള്ള പരിശീലനം നല്‍കാത്തതിനും സുരക്ഷാ ക്രമീകരണം ഉറപ്പാക്കാത്തതിനുമാണ് കേസ്.