പാലക്കാട്-തൃശൂര്‍ ദേശീയപാതയിൽ സ്വകാര്യ ബസ് മറിഞ്ഞ് 16 പേര്‍ക്ക് പരിക്ക്


പാലക്കാട്: പാലക്കാട്-തൃശൂര്‍ ദേശീയപാത കണ്ണനൂരിന് സമീപം സ്വകാര്യ ബസ് ഓട്ടോറിക്ഷയിടിച്ച് മറിഞ്ഞ് 16 പേര്‍ക്ക് പരിക്ക്. പാലക്കാട് നിന്നും തിരുവില്വാമല പോകുകയായിരുന്ന ബസാണ് ശനിയാഴ്ച ഉച്ചയോടെ അപകടത്തില്‍പ്പെട്ടത്. ആരുടേയും നില ഗുരുതരമല്ല.
പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലും കണ്ണാടിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബസ് യാത്രികരായ കുത്തനൂര്‍ സ്വദേശികളായ കൃഷ്ണന്‍കുട്ടി(53), വിലാസിനി(74), പെരിങ്ങോട്ടുകുറുശ്ശി സന്തോഷ്(30), പാലക്കാട് സ്വദേശിനി സൗദ (45), ഓട്ടോറിക്ഷ യാത്രക്കാരായ പാലക്കാട് സ്വദേശിനി സുമതി(64), കുഴല്‍മന്ദം സ്വദേശിനി ഭാവന(30) എന്നിവര്‍ കാഴ്ചപ്പറമ്പ് സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്.
ബസ് ഡ്രൈവര്‍ തോലനൂര്‍ കുരുടന്‍കുന്ന് ജയപ്രകാശ്(32), കണ്ടക്ടര്‍ ലക്കിടി കൊടുവാരക്കോട്ടില്‍ ദേവദാസ്(54), യാത്രക്കാരായ കണ്ണനൂര്‍, പൂതുക്കോട് മേഘ(25), പരുത്തിപ്പുള്ളി കുളങ്ങര വീട്ടില്‍ ഷബ്‌ന, പരുത്തിപ്പുള്ളി ശക്തി നിവാസില്‍ നിത്യ(38) എന്നിവര്‍ ജില്ലാ ആശുപത്രിയിലും ചികിത്സ തേടി. ബസ് യാത്രക്കാരായ ആരിഫ(29), ശ്രീനാഥ് (28), സുമയ്യ(24), സഹദേവന്‍(67), ഹന്ന ഫാത്തിമ(5), ഷാസിയ(4), രാമചന്ദ്രന്‍(83), ഓട്ടോ ഡ്രൈവര്‍ രതീഷ് (37) എന്നിവരെ പ്രാഥമിക ശുശ്രൂഷയ്ക്കു ശേഷം വിട്ടയച്ചു.
ഓട്ടോയെ മറികടക്കുന്നിതിനിടയില്‍ ബസ് ഓട്ടോയിലിടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട് വലതുവശത്തെ ഡിവൈഡറില്‍ ഇടിക്കുകയും സമീപത്തെ തൃശൂര്‍-പാലക്കാട് ട്രാക്കിലൂടെ റോഡിന് വെളിയിലേക്ക് മറിയുകയുമായിരുന്നു. ഈ സമയത്ത് റോഡില്‍ നല്ല ചാറ്റല്‍ മഴ ഉണ്ടായിരുന്നു. അപകടസമയത്ത് തൊട്ടടുത്ത ട്രാക്കിലൂടെ വാഹനങ്ങള്‍ ഇല്ലാത്തത് അപകടത്തിന്റെ വ്യാപ്തി കുറച്ചു. നാട്ടുകാരുടെയും പോലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.
