കണ്ണൂരില്‍ പൂട്ടിയിട്ട വീട്ടില്‍ നിന്ന് 14 പവന്‍ സ്വര്‍ണവും പണവും മോഷണം പോയി

police
police

മോഷ്ടാക്കള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

കണ്ണൂര്‍ തളാപ്പില്‍ പൂട്ടിയിട്ട വീട്ടില്‍ നിന്ന് 14 പവന്‍ സ്വര്‍ണവും പണവും മോഷണം പോയി. കോട്ടാമ്മാര്‍കണ്ടിക്ക് സമീപം ഉമൈബയുടെ വീട്ടിലാണ് മോഷണം നടന്നത്. മോഷ്ടാക്കള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മോഷണം നടന്നത്. വീട്ടുകാര്‍ വാതില്‍ പൂട്ടി ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയപ്പോഴായിരുന്നു സംഭവം.

വീടിന്റെ മുന്‍വാതില്‍ കുത്തിതുറന്നാണ് കള്ളന്‍ അകത്തുകയറിയത്. മുറികളിലെ അലമാരകളുടെ പൂട്ട് തകര്‍ത്ത് മോഷ്ടാവ് അലമാരയില്‍ സൂക്ഷിച്ച 12 സ്വര്‍ണ നാണയങ്ങളും 2 പവന്‍ മാലയും 88000 രൂപയും കവര്‍ന്നു. വീട്ടുടമസ്ഥന്‍ ഉമൈബയും കുടുംബവും വിദേശത്താണ്. ഉമൈബയുടെ മകന്‍ നാദിര്‍ തന്റെ സുഹൃത്തിന്റെ കല്യാണത്തില്‍ പങ്കെടുക്കാനായി കഴിഞ്ഞയാഴ്ച നാട്ടിലെത്തിയിരുന്നു. 

ചെറുകുന്നിലെ കല്യാണത്തില്‍ പങ്കെടുക്കാനായി തലേദിവസം വാതില്‍ പൂട്ടി പോയതാണ് നാദിര്‍. വിവാഹ ആഘോഷം കഴിഞ്ഞ് നാദിര്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Tags