ബക്കളത്ത് തെരുവ് നായയുടെ ക്രൂര താണ്ഡവം: സ്ത്രീകള്‍ ഉള്‍പ്പെടെ 14 പേരെ കടിച്ചുകീറി; നാട് നടുക്കത്തില്‍, എം.എല്‍.എയും നഗരസഭാ അധികൃതരും ഇടപെട്ടു
സ്ത്രീകള്‍ ഉള്‍പ്പെടെ പതിനാലോളം പേര്‍ക്കാണ് നായയുടെ കടിയേറ്റ് ചോര വാര്‍ന്നത്.
തളിപ്പറമ്പ്: ആന്തൂര്‍ നഗരസഭയിലെ ബക്കളം, പുന്നക്കുളങ്ങര, കുറ്റിപ്രം പ്രദേശങ്ങളെ ഭീതിയിലാഴ്ത്തി തെരുവ് നായയുടെ ഭീകരാക്രമണം. ഇന്ന് ഉച്ചയോടെയാണ് നാടിനെ ഒന്നടങ്കം നടുക്കിയ ദാരുണ സംഭവം അരങ്ങേറിയത്. യാതൊരു പ്രകോപനവുമില്ലാതെ, വഴിയാത്രക്കാര്‍ക്കും പ്രദേശവാസികള്‍ക്കും നേരെ വന്യമൃഗത്തെപ്പോലെ പാഞ്ഞടുത്ത നായ കണ്ണില്‍ക്കണ്ടവരെയെല്ലാം ക്രൂരമായി കടിച്ചുകീറുകയായിരുന്നു.
പെട്ടെന്നുണ്ടായ അക്രമണത്തില്‍നിന്ന് ഓടിമാറാന്‍ പോലും സമയം ലഭിക്കുന്നതിന് മുന്‍പാണ് പലരും നായയുടെ പല്ലുകള്‍ക്കിരയായത്. സ്ത്രീകള്‍ ഉള്‍പ്പെടെ പതിനാലോളം പേര്‍ക്കാണ് നായയുടെ കടിയേറ്റ് ചോര വാര്‍ന്നത്. ഭീകരാന്തരീക്ഷം സൃഷ്ടിച്ച നായയെ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തിയെങ്കിലും പ്രദേശവാസികള്‍ ഇപ്പോഴും വലിയ പരിഭ്രാന്തിയിലാണ്.
കെ. രോഹിണി (60), റിജു ആനയോടന്‍ (40), യശോദ (78), സുരേശന്‍ രയരോത്ത് (59), മോഹനന്‍ രയരോത്ത് (65), മഞ്ഞ കമല (68), കെ. തങ്കമണി (65), ജിഷ്ണു വെള്ളിക്കില്‍ (29), സജിത്ത് തൊണ്ടിയില്‍ (46), ടി. ലിജേഷ് (34), അജിത (56), കെ. രാജിക (58), സീന (40),
കമല രഘുത്തമന്‍ (50)എന്നിവര്‍ക്കാണ് നായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റത്. കടിയേറ്റവരില്‍ ഭൂരിഭാഗം പേരുടെയും കൈകള്‍ക്കും കാലുകള്‍ക്കുമാണ് ആഴത്തില്‍ മുറിവേറ്റിട്ടുള്ളത്. ഇതില്‍ മൂന്ന് പേരുടെ പരുക്ക് അതീവ സാരമുള്ളതാണ്.
പരുക്കേറ്റവരെ ഉടന്‍ തന്നെ പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ എത്തിച്ച് അടിയന്തിര ചികിത്സ ലഭ്യമാക്കി. വിവരമറിഞ്ഞയുടന്‍ തളിപ്പറമ്പ് എം.എല്‍.എ ടി.കെ. ഗോവിന്ദന്‍ പരിയാരം മെഡിക്കല്‍ കോളജ് അധികൃതരുമായി ബന്ധപ്പെടുകയും പരുക്കേറ്റവര്‍ക്ക് ആവശ്യമായ മികച്ച ചികിത്സ ഉറപ്പാക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
ആന്തൂര്‍ നഗരസഭാ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, കൗണ്‍സിലര്‍മാര്‍ എന്നിവരും വിവരമറിഞ്ഞ് ഉടനടി സ്ഥലത്തെത്തി പരുക്കേറ്റവര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങള്‍ക്കും മേല്‍നോട്ടം വഹിച്ചു. പകല്‍സമയത്ത് പോലുമുണ്ടായ ഈ ക്രൂരമായ ആക്രമണം നാട്ടുകാരെയാകെ വല്ലാത്തൊരു ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
.jpg)

