പൈപ്പ് ലൈൻ വഴി വീടിന്റെ മൂന്നാം നിലയിലേക്ക് കയറാൻ ശ്രമിച്ച യുവാവ് വീണു മരിച്ചു

dead

തിരുപത്തൂർ : പൈപ്പ് ലൈൻ വഴി വീടിന്റെ മൂന്നാം നിലയിലേക്ക് കയറാൻ ശ്രമിച്ച യുവാവ് വീണു മരിച്ചു. മുപ്പതുകാരനായ തിരുപ്പത്തൂർ സ്വദേശി തെന്നരശിനാണ് ദാരുണാന്ത്യം സംഭവിച്ചത്. മാർക്കറ്റിം​ഗ് മേഖലയിൽ ജോലി ചെയ്യുന്ന ആളാണ് തെന്നരശ്. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് തെന്നരശ് വീട്ടിലെത്തുന്നത്. കോളിം​ഗ് ബെൽ കേടായതിനെ തുടർന്ന് ഇയാൾ പലതവണ ഭാര്യ പുനിതയെ ഫോണിൽ വിളിച്ചെങ്കിലും ഉറക്കത്തിലായതിനാൽ അവർ ഫോണെടുത്തില്ല. 

വലിയ ശബ്ദം കേട്ട് പുറത്തുവന്ന പുനിത കണ്ടത് രക്തത്തിൽ കുളിച്ചു കിടക്കുന്ന തെന്നരശിനെ ആയിരുന്നു. അപ്പോൾ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. തെന്നരശിനും പുനിതക്കും ഒന്നരവയസ്സുള്ള കുഞ്ഞുണ്ട്. 

അതേ സമയം സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് തെന്നരശിന്റെ ബന്ധുക്കൾ രം​ഗത്തെത്തി. പുനിതക്കും തെന്നരശിന്റെ രണ്ട് സുഹൃത്തുക്കൾക്കുമെതിരെയാണ് ബന്ധുക്കളുടെ പരാതി. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ പരാതി സ്വീകരിക്കൂ എന്ന നിലപാടിലാണ് പൊലീസ്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. തെന്നരശിന്റെ അമ്പതോളം ബന്ധുക്കൾ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധവുമായി എത്തിയിരുന്നു. 

Share this story