എന്തിനാണ് സ്പീക്കര്‍ പ്രധാന മന്ത്രിക്ക് മുന്നില്‍ തലകുനിച്ച് വണങ്ങിയത് , സ്പീക്കര്‍ ആരുടെയും മുന്നില്‍ തലകുനിക്കരുത് ; രാഹുല്‍ഗാന്ധി

modi

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നില്‍ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള തലകുനിച്ച് വണങ്ങിയതില്‍ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. എന്തിനാണ് സ്പീക്കര്‍ പ്രധാന മന്ത്രിക്ക് മുന്നില്‍ തലകുനിച്ച് വണങ്ങിയത് എന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. രാഹുലിന്റെ ചോദ്യത്തെ തുടര്‍ന്ന് സഭയില്‍ വാക്കേറ്റമുണ്ടായി. സ്പീക്കര്‍ സഭയില്‍ എല്ലാറ്റിനും മുകളിലാണെന്നും ആരുടെയും മുന്നില്‍ തലകുനിക്കരുതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

'നിങ്ങള്‍ എനിക്ക് കൈ തന്നപ്പോള്‍ നിവര്‍ന്നു നിന്നതായി ഞാന്‍ ശ്രദ്ധിച്ചു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കൈ കൊടുത്തപ്പോള്‍ വണങ്ങി', രാഹുല്‍ ഗാന്ധി പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെ പ്രതിപക്ഷം പിന്തുണച്ചപ്പോള്‍ എന്‍ഡിഎ എംപിമാര്‍ എതിര്‍ത്തു.
പ്രധാനമന്ത്രി സഭയുടെ നേതാവാണെന്നായിരുന്നു ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ പ്രതികരണം. 'ഞാന്‍ മുതിര്‍ന്നവരെ കാണുമ്പോഴും തന്റെ പ്രായത്തിലുള്ളവരെ തുല്യരായി കാണുമ്പോഴും തലകുനിക്കുന്നു. മുതിര്‍ന്നവരെ കാണുമ്പോള്‍ വണങ്ങുകയും ആവശ്യമെങ്കില്‍ അവരുടെ കാലില്‍ തൊടുകയും ചെയ്യുക എന്നതാണ് എന്റെ ധാര്‍മ്മികത' ഓം ബിര്‍ള പറഞ്ഞു.

സ്പീക്കറുടെ അഭിപ്രായങ്ങളെ മാന്യമായി അംഗീകരിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. 'സഭയില്‍ സ്പീക്കറെക്കാള്‍ വലിയ ആരും ഇല്ലെന്ന് സ്പീക്കറോട് പറയാന്‍ ആഗ്രഹിക്കുന്നു. സഭയില്‍ സ്പീക്കര്‍ എല്ലാറ്റിനും മുകളിലാണ്. നാമെല്ലാവരും സ്പീക്കറുടെ മുമ്പില്‍ വണങ്ങണം. മുഴുവന്‍ പ്രതിപക്ഷവും ചേര്‍ന്ന് സ്പീക്കര്‍ക്ക് മുന്നില്‍ തലകുനിക്കുന്നു. നിങ്ങളാണ് സ്പീക്കര്‍, ആരുടെയും മുന്നില്‍ തലകുനിക്കരുത് ' രാഹുല്‍ ഗാന്ധി പറഞ്ഞു. ലോക്‌സഭയിലെ അവസാന വാക്കാണ് സ്പീക്കറെന്നും സഭയിലെ അംഗങ്ങളെന്ന നിലയില്‍ തങ്ങള്‍ അദ്ദേഹത്തിന് വിധേയരാണെന്നും രാഹുല്‍ വ്യക്തമാക്കി.

Tags