പശ്ചിമ ബംഗാളിൽ അവിഹിതബന്ധം ആരോപിച്ച് യുവാവിനും യുവതിക്കും ക്രൂരമർദനം ; നടപടിയെടുത്ത് പോലീസ്

crime

കൊല്‍ക്കത്ത : അവിഹിതബന്ധം ആരോപിച്ച് യുവാവിനെയും യുവതിയെയും ക്രൂരമര്‍ദനത്തിനിരയാക്കിയ സംഭവത്തിന് പിന്നാലെ നടപടിയുമായി പൊലീസ്.

യുവാവിനെയും യുവതിയെയും മർദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും വിവാദമാവുകയും രാഷ്ട്രീയ ആരോപണങ്ങൾക്ക് വഴിവെക്കുകയും ചെയ്തതോടെയാണ് പൊലീസ് രംഗത്തെത്തിയത്.

പശ്ചിമ ബംഗാളിലെ ഉത്തര്‍ ദിനാജ്പുര്‍ ജില്ലയിലെ ചോപ്രയിലായിരുന്നു സംഭവം. യുവതിയെയും യുവാവിനെയും മുളവടി ഉപയോഗിച്ച് ഒരാൾ ആൾക്കൂട്ടത്തിന് നടുവിൽ വെച്ച് മർദിക്കുന്നതാണ് വീഡിയോയിലുള്ളത്.

സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമം വഴിയാണ് തങ്ങൾ കണ്ടതെന്നും, വീഡിയോ പരിശോധിച്ച ശേഷം കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും ഇസ്‌ലാപുര്‍ എസ്.പി. ജോബി തോമസ് കെ പറഞ്ഞു. പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം തൃണമൂൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പിയും സി.പി.എമ്മും രംഗത്തെത്തി. തൃണമൂൽ കോൺഗ്രസിന്റെ പ്രാദേശിക നേതാവാണ് മർദിച്ചതെന്ന് ബി.ജെ.പി ആരോപിച്ചു.

Tags