തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം ; അമിത് ഷാക്കും കിഷൻ റെഡ്ഡിക്കും എതിരായ കേസ് ഒഴിവാക്കി തെലങ്കാന പൊലീസ്

reddy

ഹൈദരാബാദ്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കും കൽക്കരി മന്ത്രി ജി.കിഷൻ റെഡ്ഡിക്കുമെതിരായ കേസ് ഒഴിവാക്കി തെലങ്കാന പൊലീസ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് ഇരുവർക്കുമെതിരെ കേസെടുത്തത്.

മെയ് മാസത്തിലാണ് ഇരുവർക്കുമെതിരെ ​പൊലീസ് നടപടിയുണ്ടായത്. കോൺഗ്രസ് നേതാവ് ജി.നിരഞ്ജന്റെ പരാതിയിൽ തെരഞ്ഞെടുപ്പ് കമീഷന്റെ നിർദേശപ്രകാരമായിരുന്നു കേസ്. തെരഞ്ഞെടുപ്പ് ​പ്രചാരണത്തിന് പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ചെന്നായിരുന്നു. ബി.ജെ.പിക്ക് എതിരെ ഉയർന്ന പരാതി.

തെലങ്കാന ഡി.സി.പി സ്നേഹ മെഹ്റയാണ് പരാതിയിൽ അന്വേഷണം നടത്തുകയും റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിൽ മൊഗഹാൽപുര ​പൊലീസ് അമിത് ഷാക്കും കിഷൻ റെഡ്ഡിക്കുമെതിരെ ​കേസെടുക്കുകയായിരുന്നു. ബി.ജെ.പി എം.എൽ.എ ടി.രാജ സിങ്ങും ഹൈദരബാദ് മണ്ഡലത്തിൽ മത്സരിച്ച ബി.ജെ.പി സ്ഥാനാർഥി മാധവി ലതയും കേസിലെ പ്രതികളാണ്.

മെയ് ഒന്നിന് അമിത് ഷാ നടത്തിയ റാലിയുടെ വേദിയിൽ ബി.ജെ.പിയുടെ പ്രചാരണത്തിനായി കുട്ടികളെ ഉപയോഗിച്ചുവെന്നാണ് കോൺഗ്രസ് നൽകിയ പരാതിയിൽ പറയുന്നത്.അമിത് ഷായുടെ റാലിയിൽ ബി.ജെ.പി ചിഹ്നം പിടിച്ച് കുട്ടികളെത്തിയെന്നും ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നുമാണ് ചൂണ്ടിക്കാണിച്ചായിരുന്നു കോൺഗ്രസ് അമിത് ഷാ ഉൾപ്പടെയുള്ളവർക്കെതിരെ പരാതി നൽകിയത്.

കുട്ടികളെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമീഷന്റെ നിർദേശമുണ്ടായിരുന്നു. ഇതും തെരഞ്ഞെടുപ്പ് കമീഷന് അയച്ച ഇമെയിലിൽ കോൺഗ്രസ് ചൂണ്ടിക്കാട്ടിയിട്ടിയിരുന്നു.

Tags