​വാഹ​നാ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കുന്നു ; ദേ​ശീ​യ​പാ​ത​ക​ളി​ൽ എ.​ഐ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കാ​നൊ​രു​ങ്ങി ക​ർ​ണാ​ട​ക

ai camera
ai camera

ബം​ഗ​ളൂ​രു: സം​സ്ഥാ​ന​ത്തെ ദേ​ശീ​യ​പാ​ത​ക​ളി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​മി​ത വേ​ഗ​ത്തി​ലോ​ടു​ന്ന വാ​ഹ​ന​ങ്ങ​ളെ ക​ണ്ടെ​ത്താ​ൻ എ.​ഐ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കാ​നൊ​രു​ങ്ങി ക​ർ​ണാ​ട​ക. അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ച്ച​തി​നൊ​പ്പം ദേ​ശീ​യ​പാ​ത​ക​ളി​ൽ നി​യ​മ​ലം​ഘ​ന​വും ഇ​ര​ട്ടി​യാ​യി​ട്ടു​ണ്ടെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. 

ബം​ഗ​ളൂ​രു റൂ​റ​ൽ, കോ​ലാ​ർ, രാ​മ​ന​ഗ​ര, തു​മ​കൂ​രു തു​ട​ങ്ങി ബം​ഗ​ളൂ​രു​വി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ക. ക​ഴി​ഞ്ഞ​വ​ർ​ഷം 120 മു​ത​ൽ 160 കോ​ടി രൂ​പ​വ​രെ​യാ​ണ് ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കാ​യി സ​ർ​ക്കാ​റി​ന് പി​ഴ​യാ​യി ല​ഭി​ച്ച​ത്. ബം​ഗ​ളൂ​രു റൂ​റ​ലി​ൽ ദേ​വ​ന​ഹ​ള്ളി-​ചി​ക്ക​ബ​ല്ലാ​പു​ര റോ​ഡ്, നെ​ല​മം​ഗ​ല, ദൊ​ബ്ബ​സ്പേ​ട്ട്, ഹൊ​സ​ക്കോ​ട്ടെ, ഹൊ​സ​ക്കോ​ട്ടെ-​ഗൗ​രി​ബി​ദ​നൂ​ർ റോ​ഡ്, എ​ച്ച് ക്രോ​സ്, ദൊ​ഡ്ഡ​ബ​ല്ലാ​പു​ര എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് എ.​ഐ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ക. രാ​മ​ന​ഗ​ര-​ച​ന്ന​പ​ട്ട​ണ റോ​ഡ്, രാ​മ​ന​ഗ​ര-​ക​ന​ക​പു​ര റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലും കോ​ലാ​റി​ൽ കോ​ലാ​ർ സി​റ്റി, കോ​ലാ​ർ-​ബം​ഗാ​ര പേ​ട്ട് റോ​ഡ്, കോ​ലാ​ർ-​ശ്രീ​നി​വാ​സ​പു​ര റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലും തു​മ​കൂ​രു​വി​ൽ കു​നി​ഗ​ൽ റോ​ഡ്, സി​റ, മ​ര​ലു​ക്കെ​രെ എ​ന്നി​വി​ട​ങ്ങ​ളി​ലും എ.​ഐ കാ​മ​റ സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്.

മൈ​സൂ​രു​വി​ൽ മൈ​സൂ​രു-​ഊ​ട്ടി റോ​ഡ്, ക​ഡ​കോ​ല, ടി ​ന​ര​സി​പു​ര, മൈ​സൂ​രു-​എ​ച്ച്.​ഡി കോ​ട്ട റോ​ഡ്, മൈ​സൂ​രു-​ഹു​ൻ​സൂ​ർ റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലും എ.​ഐ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചേ​ക്കും.

അ​മി​ത​വേ​ഗം, സി​ഗ്ന​ൽ മ​റി​ക​ട​ക്ക​ൽ, ഹെ​ൽ​മ​റ്റ്, സീ​റ്റ് ബെ​ൽ​റ്റ് എ​ന്നി​വ ധ​രി​ക്കാ​തെ വാ​ഹ​ന​മോ​ടി​ക്ക​ൽ, വ​ൺ​വേ തെ​റ്റി​ക്ക​ൽ, മൊ​ബൈ​ൽ ഉ​പ​യോ​ഗം തു​ട​ങ്ങി​യ​വ എ.​ഐ കാ​മ​റ സ്വ​യം ക​ണ്ടെ​ത്തി മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ ക​ൺ​ട്രോ​ൾ റൂ​മി​ല​റി​യി​ക്കും. വാ​ഹ​ന ഉ​ട​മ​ക​ൾ​ക്ക് ത​ത്സ​മ​യം​ത​ന്നെ എ​സ്.​എം.​എ​സ് /ഇ-​മെ​യി​ൽ അ​റി​യി​പ്പും ല​ഭി​ക്കു​മെ​ന്ന് അ​ഡീ​ഷ​ന​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ക​മീ​ഷ​ണ​ർ എ​സ്. മ​ല്ലി​കാ​ർ​ജു​ൻ പ​റ​ഞ്ഞു.
 

Tags